കൊണ്ടോട്ടി: റോഡ് വികസനത്തിനായി പരിസരവാസികളുടെ കനിവ് കാത്ത് കൊണ്ടോട്ടി താലൂക്ക് ആശുപത്രിയുടെ വികസന പദ്ധതി അനന്തമായി നീളുന്നു. ആതുരാലയത്തിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ച് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമിക്കുന്ന ബൃഹത് പദ്ധതിക്ക് റോഡ് വികസനത്തില്‍ തദ്ദേശീയര്‍ ഉര്‍ത്തുന്ന പരാതിയാണ് വെല്ലുവിളിയാകുന്നത്.
സ്ഥലമേറ്റെടുപ്പില് തദ്ദേശീയരുടെ എതിര്‍പ്പ് പരിഹരിക്കാന്‍ ടി.വി. ഇബ്രാഹീം എം.എല്‍.എയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി ജനകീയ സമിതി രൂപവത്കരിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റഫറല്‍ ആശുപത്രി കൂടിയായ താലൂക്ക് ആശുപത്രിയില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 33 കോടി രൂപ ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമിക്കാന്‍ നേരത്തേ ധാരണയായിട്ടുണ്ട്. പ്രവേശന പാത എട്ട് മീറ്റര്‍ വീതിയിലാകണമെന്ന കിഫ്ബ് നിബന്ധനയാണ് കൊണ്ടോട്ടി താലൂക്ക് ആശുപത്രിക്ക് വിനയാകുന്നത്. നിലവില്‍ ആറ് മീറ്റര്‍ വീതിയിലുള്ള പാത എട്ട് മീറ്ററാക്കി വിപുലീകരിക്കാന്‍ സ്ഥലമേറ്റെടുപ്പിനുള്ള നടപടികളാണ് നിലവില്‍ നടക്കുന്നത്. പ്രദേശവാസികളില്‍ ഭൂരിഭാഗം പേരും സ്ഥലം വിട്ടുനല്‍കാന്‍ തയാറാണെങ്കിലും ചിലരുടെ എതിര്‍പ്പ് പദ്ധതിയെ ബാധിക്കുന്ന സ്ഥിതിയാണ്. ഇവരുമായി സര്‍വകക്ഷി സമിതി അടുത്ത ദിവസം ചര്‍ച്ച നടത്തും. ആശുപത്രിയോട് ചേര്‍ന്ന ഉപയോഗശൂന്യമായ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ സമുച്ചയം നിർമിക്കുകയാണ് ലക്ഷ്യം. ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളാണ് പൊളിക്കുക. ഇതിന് നഗരസഭയുടെ അനുമതിയുമായിട്ടുണ്ട്.
പഴയ കെട്ടിടങ്ങളുടെ സ്ഥാനത്ത് അത്യാധുനിക ചികിത്സക്കുള്ള ഭൗതിക സൗകര്യങ്ങള്‍ ഒരുക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. സ്പെഷാലിറ്റി ചികിത്സക്കും കൂടുതല്‍ പേര്‍ക്കുള്ള കിടത്തിച്ചികിത്സക്കുമുള്ള ആധുനിക സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തിലുണ്ടാകും.ആശുപത്രിയുടെ പ്രധാന കെട്ടിടത്തിനു സമീപമാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങളുള്ളത്. ഈ സ്ഥലം കാര്യക്ഷമമായി ഉപയോഗിക്കണമെന്ന ആവശ്യത്തിനു ഏറെ പഴക്കമുണ്ട്. ആശുപത്രി നിലവിലെ സ്ഥലത്തുനിന്ന് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം നേരത്തേ ഉയര്‍ന്നിരുന്നെങ്കിലും ജനകീയ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നിരുന്നില്ല. റോഡിനായി സ്ഥലം കണ്ടെത്തുന്നതോടെ പുതിയ കെട്ടിട നിർമാണം ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.