കൊണ്ടോട്ടി: സാമൂഹിക ചുമതലകള്‍ വർധിക്കുമ്പോള്‍ ജനകീയാവശ്യങ്ങള്‍ ഉള്‍ക്കൊണ്ട് തദ്ദേശ ഭരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി എം.ബി. രാജേഷ്. നാടിന്റെ പുരോഗതിയും ക്ഷേമവും ആരോഗ്യ ഉന്നമനവും ഉറപ്പാക്കേണ്ട സുപ്രധാന ചുമതലകളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍വഹിക്കാനുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പുതിയ കാലത്ത് പ്രാദേശിക സര്‍ക്കാറുകളുടെ ചുമതലകളാണ് നിര്‍വഹിക്കുന്നത്.
ഇക്കാര്യങ്ങള്‍ കോവിഡ് കാലത്തും മഹാപ്രളയകാലത്തും തെളിയിച്ചതാണ്. ഇനി വരാനിരിക്കുന്ന പ്രതിസന്ധികളെ നേരിടാന്‍ ശക്തമായ തദ്ദേശ ഭരണ സ്ഥാപന സംവിധാനങ്ങളാണ് സര്‍ക്കാറിന് ഊര്‍ജം നല്‍കുന്നതെന്ന് കൊണ്ടോട്ടി നഗരസഭക്ക് കീഴില്‍ നാഷനല്‍ ഹെല്‍ത്ത് മിഷന് അനുവദിച്ച മൂന്ന് അര്‍ബന്‍ ഹെല്‍ത്ത് ആൻഡ് വെല്‍നസ് സെന്ററുകള്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
കൊണ്ടോട്ടി വൈദ്യര് സ്മാരക അക്കാദമി ഹാളില്‍ നടന്ന പരിപാടിയില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ അധ്യക്ഷത വഹിച്ചു. തുറക്കല്‍, നീറാട് കൂനയില്‍, മേലെപറമ്പ് എന്നിവിടങ്ങളിലാണ് നഗരസഭക്കുകീഴില്‍ വെല്‍നെസ് കേന്ദ്രങ്ങള്‍ ആരംഭിച്ചത്. ഇവിടങ്ങളില്‍ ആഴ്ചയില്‍ ആറുദിവസവും ഡോക്ടറുടെതുള്പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാകും. ഇതിനായി ഒരു മെഡിക്കല്‍ ഓഫിസര്‍, സ്റ്റാഫ് നഴ്സ്, ജെ.എച്ച്.ഐ, ഫാര്‍മസിസ്റ്റ്, ക്ലീനിങ് സ്റ്റാഫ് തുടങ്ങി അഞ്ച് ജീവനക്കാരെ വീതം ഓരോ സെന്ററുകളിലും നഗരസഭ നിയമിച്ചിട്ടുണ്ട്.ഉദ്ഘാടന ചടങ്ങില്‍ നഗരസഭ അധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹറാബി, വൈസ് ചെയര്മാന് പി. സനൂപ്, സ്ഥിരംസമിതി അധ്യക്ഷരായ അബീന പുതിയറക്കല്‍, സി. മിനിമോള്‍, അഷറഫ് മടാന്‍, മുഹിയുദ്ദീന് അലി, റംല കൊടവണ്ടി, കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.