കൊണ്ടോട്ടി: മുസ്ലിയാരങ്ങാടിയില്‍ നിര്‍മിച്ച നെടിയിരുപ്പ് ആയുര്‍വേദ ആശുപത്രി കെട്ടിടം വന്നെത്താന്‍ വഴിയില്ലാത്ത കാരണത്താല്‍ നോക്കുകുത്തിയാകുന്നു. 2022-2023 സാമ്പത്തിക വര്‍ഷം സ്വകാര്യ വ്യക്തി സൗജന്യമായി വിട്ടുനല്‍കിയ നാല് സെന്റ് സ്ഥലത്ത് ടി.വി. ഇബ്രാഹിം എം.എല്‍.എ അനുവദിച്ച 25 ലക്ഷം രൂപ ചെലവില്‍ നഗരസഭ നിര്‍മിച്ച കെട്ടിടമാണ് ഉപയോഗയോഗ്യമല്ലാതെ കിടക്കുന്നത്. 2006ല്‍ സര്‍ക്കാര്‍ അനുവദിച്ച ആതുരാലയം 18 വര്‍ഷമായി പരിമിതമായ സൗകര്യങ്ങളില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഈ ദുരവസ്ഥ.
ആശുപത്രി കെട്ടിടത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ വഴി ഒരുക്കുമെന്ന് നഗരസഭ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി 10 മാസമായിട്ടും വഴി പ്രശ്നത്തിന് പരിഹാരമാകാത്തതിനാല്‍ കെട്ടിടവും പരിസരവും കാടുപിടിച്ചു കിടക്കുകയാണ്.
രോഗികള്‍ക്കുള്ള കാത്തിരിപ്പു സ്ഥലവും പരിശോധന മുറിയും ഫാര്‍മസി, സ്റ്റോര്‍ സൗകര്യങ്ങളും ശുചിമുറിയുമുള്ള കെട്ടിടത്തില്‍ പ്ലംബിങ് പ്രവൃത്തികളും വൈദ്യുതീകരണവും ചുറ്റുമതില്‍ നിര്‍മാണവുമാണ് പൂര്‍ത്തിയാകാനുള്ളത്. കെട്ടിട നിര്‍മാണത്തിനൊപ്പം വഴിയൊരുക്കാനുള്ള ശ്രമങ്ങള്‍ ആദ്യഘട്ടത്തില്‍ ഊര്‍ജ്ജിതമായിരുന്നെങ്കിലും ഫണ്ട് ലഭ്യതയടക്കമുള്ള തടസ്സം കാരണം പിന്നീട് നിര്‍ജ്ജീവമായി.
ഡോക്ടറും അറ്റന്ഡറുമുള്ള ആതുരാലയത്തില്‍ പ്രതിദിനം 50ല്‍പരം രോഗികളാണ് എത്തുന്നത്. ആശുപത്രി വാടക കെട്ടിടത്തില്‍നിന്ന് മാറ്റി കൂടുതല്‍ സൗകര്യപ്രദമാക്കണമെന്ന ആവശ്യം നിറവേറാത്തതില്‍ നാട്ടുകാര്‍ക്കിടയിലും പ്രതിഷേധം ശക്തമാണ്.
കെട്ടിടം പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി വൈകുമ്പോള്‍ വാടകയിനത്തില്‍ നഗരസഭയുടെ സാമ്പത്തിക ബാധ്യതയും വര്‍ധിക്കുകയാണ്. പ്രദേശത്തെ തെരുവു നായ്ക്കളുടെ വിഹാര കേന്ദ്രം കൂടിയാണിവിടം. ആതുരാലയത്തിന് സ്ഥലവും സ്വന്തം കെട്ടിടവുമായിട്ടും അത് ഉപയോഗപ്പെടുത്താനാകാതെ പോകുന്നത് അധികൃത അനാസ്ഥയാലാണെന്ന ആരോപണവും ഉയരുന്നുണ്ട്.
കൊണ്ടോട്ടി: മുസ്ലിയാരങ്ങാടിയിലെ നെടിയിരുപ്പ് ആയുര്‍വേദ ആശുപത്രിക്ക് നിര്‍മിച്ച കെട്ടിടത്തിലേക്ക് ഉടന്‍ വഴിയൊരുക്കുമെന്ന് നഗരസഭ അധ്യക്ഷ നിത ഷഹീര്‍. എം.എല്‍.എ ഫണ്ടില്‍ നിന്നനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുക. രോഗികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ വഴിയും ചുറ്റുമതിലും നിര്‍മിക്കുന്നതിനൊപ്പം മുറ്റം ടൈല്‍ വിരിച്ച് വൃത്തിയാക്കും. ഇതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും നഗരസഭ അധ്യക്ഷ അറിയിച്ചു.
ആതുരാലയത്തിലേക്ക് വഴി നിര്‍മിക്കുന്നതില്‍ സ്ഥല പ്രശ്നം ഉണ്ടായിരുന്നില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ താണിക്കല്‍ സൈതലവിയും വ്യക്തമാക്കി. ഫണ്ട് ലഭ്യതയിലെ പ്രശ്നമാണ് വഴിയൊരുക്കുന്നതിലെ കാലതാമസത്തിന് പ്രധാനമായും കാരണമായത്. ഇത് പരിഹരിക്കപ്പെട്ടതോടെ ആതുരാലയ കെട്ടിടം തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സാഹചര്യമൊരുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.