കൊണ്ടോട്ടി: ഉപഭോക്താക്കളുടെ ബാഹുല്യത്താൽ പ്രതിസന്ധി നേരിടുകയാണ് കെ.എസ്.ഇ.ബി കൊണ്ടോട്ടി ഇലക്ട്രിക് സെക്ഷൻ. ഒരു ലക്ഷത്തിലേറെ വൈദ്യുതി ഉപഭോക്താക്കളുള്ള കേരളത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് സെക്ഷനായ കൊണ്ടോട്ടിയിൽ ഉപഭോക്താക്കളുടെ ബാഹുല്യം ദൈനംദിന പ്രവർത്തനത്തെ ബാധിക്കുകയാണ്. വലിയ സെക്ഷനായതിനാൽ വൈദ്യുതി വിതരണത്തിൽ പ്രതിസന്ധി നേരിട്ടാൽ പരിഹരിക്കുന്നതിന് ജീവനക്കാരുടെ അഭാവം കാരണവും മറ്റുമായി കാലതമാസം വരുന്നു.
കൊണ്ടോട്ടി നഗരസഭയും പള്ളിക്കൽ, മൊറയൂർ പഞ്ചായത്തുകളും ചേർന്ന് ധാരാളം ഉപഭോക്താക്കളുള്ള ഒരു സെക്ഷനാണ് കൊണ്ടോട്ടി. ഇതു കാരണം അറ്റകുറ്റപ്പണികളും കണക്ഷൻ ലഭിക്കുന്നതിനും വലിയ കാലതാമസമാണ് വരുന്നത്. വിതരണത്തിൽ ചെറിയ പ്രശ്നങ്ങളുണ്ടായാൽ വരെ മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെടുന്ന സാഹചര്യമാണ് നിലവിൽ. പുതിയ സെക്ഷൻ രൂപവത്കരിക്കുകയല്ലാതെ പ്രശ്നത്തിന് പരിഹാരമാവില്ല.
കൊണ്ടോട്ടി വിഭജിച്ച് മുസ്ലിയാരങ്ങാടി കേന്ദ്രമായി പുതിയ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ വൈദ്യുതി മന്ത്രിക്ക് നിവേദനം നൽകി. വള്ളുവമ്പ്രം സെക്ഷനിലെ മൊറയൂർ ഭാഗവും കൊണ്ടോട്ടി സെക്ഷനിലെ നെടിയിരുപ്പ് വില്ലേജും ഉൾപ്പെടുന്ന പ്രദേശങ്ങൾ കുട്ടിച്ചേർത്തു മുസ്ലിയാരങ്ങാടി കേന്ദ്രമായി കെ.എസ്.ഇ.ബി സെക്ഷൻ അനുവദിക്കണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയതായി നഗരസഭ ചെയർപേഴ്സൻ സി.ടി. ഫാത്തിമത്ത് സുഹ്റ പറഞ്ഞു. ടി.വി. ഇബ്രാഹീം എം.എൽ.എയുടെ സാന്നിധ്യത്തിൽ നഗരസഭ ചെയർപേഴ്സൻ സി.ടി. ഫാത്തിമത്ത് സുഹ്റ, സ്ഥിരം സമിതി അധ്യക്ഷരായ അഷ്റഫ് മടാൻ, എ. മുഹ്യിദ്ദീൻ അലി എന്നിവർ ചേർന്നാണ് മന്ത്രിക്ക് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.