കൊണ്ടോട്ടി: പാര്‍ക്കിങ് ഫീസിന്റെ പേരില്‍ യാത്രക്കാരെ ചൂഷണം ചെയ്യുന്ന സ്ഥിതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാറ്റമില്ലാതെ തുടരുന്നു. ടെര്മിനലിനുമുന്നിലെ പാര്‍ക്കിങ് സമയം മൂന്നു മിനിറ്റില്‍നിന്ന് ആറുമിനിറ്റായി ഉയര്‍ത്തിയതോടെ ജനകീയ സമരങ്ങള്‍ക്ക് വിരാമമായിരുന്നു. ഇതുപയോഗപ്പെടുത്തി പാര്‍ക്കിങ് പാസെടുത്ത യാത്രക്കാരെപ്പോലും സാമ്പത്തിക ചൂഷണത്തിന് വിധേയമാക്കുന്ന അവസ്ഥയാണ് വിമാനത്താവള പരിസത്തെന്ന പരാതി വ്യാപകമാണ്. യാത്രക്കാര്‍ നിരന്തരം പരാതി ഉന്നയിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് വിമാനത്താവള അധികൃതരില്നിന്നുണ്ടാകുന്നില്ല.
പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ നിയോഗിച്ചവര്‍ ഗുണ്ടാ സംഘങ്ങളെപോലെ പെരുമാറി അകാരണമായി പണം ഈടാക്കുന്നു എന്നാണ് പരാതി. വാഹന പാര്‍ക്കിങ്ങിനു പാസ് എടുത്തവരില്‍നിന്ന് സമയപരിധി ലംഘിച്ചെന്ന പേരിലാണ് കരാറുകാര്‍ നിയോഗിച്ച തൊഴിലാളികൾ പിഴ ഈടാക്കുന്നത്. വാഹനം ബലമായി തടഞ്ഞുനിര്‍ത്തുന്ന സംഘത്തോട് പ്രതികരിക്കാൻ പോലുമാകാതെ പണം നല്കി പോരേണ്ട അവസ്ഥയാണ് മിക്ക യാത്രക്കാരും നേരിടുന്നത്. പാര്‍ക്കിങ് പാസിലെ സമയം പോലും നോക്കാതെ 500 രൂപ മുതലാണ് പിഴയായി ഈടാക്കുന്നതെന്ന് യാത്രക്കാര്‍ പറയുന്നു.
കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ മാതാവിനെയും സഹോദരനെയും ഷാര്‍ജയിലേക്ക് യാത്രയാക്കാനെത്തിയ എ.ആര് നഗര്‍ കുറ്റൂര്‍ സ്വദേശി വലിയാക്കത്തൊടി മൊയ്തീന്‍കുട്ടി ഇത് ചേദ്യം ചെയ്തത് സംഘര്‍ഷത്തിലേക്കെത്തിയിരുന്നു. വിമാനത്താവള പരിസരത്തുനിന്ന് വാഹനം തടഞ്ഞ് കരാര്‍ തൊഴിലാളി 500 രൂപ പിഴ ആവശ്യപ്പെടുകയായിരുന്നു. പാസ് കാണിച്ച് തുക കുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ 200 രൂപ നല്കിയാല് മതിയെന്നും പണം നല്കില്ലെന്നായപ്പോള് 50 രൂപ നല്കിയാല് വാഹനം വിടാമെന്നും പറഞ്ഞതായി മൊയ്തീന്‍കുട്ടി പറഞ്ഞു. അനുവദനീയമായ സമയപരിധി ലംഘിക്കാത്തതിനാല്‍ വാഹനമെടുത്ത് പോരുന്നതിനിടെ വീണ്ടും തടയാന്‍ ശ്രമിച്ചതു ചോദ്യം ചെയ്തതോടെയാണ് ഹിന്ദി മാത്രം സംസാരിച്ച കരാര്‍ തൊഴിലാളി പിന്‍വാങ്ങിയതെന്നും ഇക്കാര്യത്തില്‍ വിമാനത്താവള അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും മൊയ്തീന്‍കുട്ടി പറഞ്ഞു.
പാര്‍ക്കിങ് ഫീസിെൻറ പേരിലുള്ള കൊള്ള തടയാന്‍ പൊലീസിെൻറ സേവനം ഉപയോഗപ്പെടുത്തണമെന്ന ആവശ്യവും പ്രാവര്‍ത്തികമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.