കൊണ്ടോട്ടി: ജീവിത യാത്രയില്‍ രോഗം തളര്‍ത്തിയ കൂട്ടുകാരന് വീടൊരുക്കി സഹപാഠികളുടെ കൂട്ടായ്മ. മേല്‍മുറിക്കടുത്ത് വാടക വീട്ടില്‍ പക്ഷാഘാതം ബാധിച്ച് കഴിയുന്ന കിഴിശ്ശേരി സ്വദേശി പ്രഭാകരനാണ് കൂട്ടുകാരുടെ സ്നേഹത്തണലില്‍ വീടൊരുങ്ങിയത്. കുഴിമണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 1986 എസ്.എസ്.എല്‍.സി ബാച്ച് കൂട്ടായ്മയായ 'ഒരുമ'യാണ് സഹപാഠിക്ക് വീടൊരുക്കി മാതൃകയായത്.
ഒരുമയുടെ 25ാം വാര്‍ഷികം പ്രഭാകരന് സ്വന്തം നാടായ കിഴിശ്ശേരിയില്‍ ഒരുക്കിയ വീട്ടില്‍ ആഘോഷമാക്കാനാണ് സഹപാഠികളുടെ തീരുമാനം. കൂലിപ്പണിയെടുത്ത് ജീവിച്ചിരുന്ന പ്രഭാകരന് ഒന്നര വര്‍ഷം മുമ്പുണ്ടായ പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലാവുകയായിരുന്നു. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം ഇതോടെ നിരാലംബരായി. തുടര്‍ന്നാണ് കൂട്ടുകാരനെയും കുടുംബത്തെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹപാഠികൾ രംഗത്തെത്തിയത്. പ്രഭാകരന്റെ ജന്മനാടായ കിഴിശ്ശേരിയില്‍ സ്ഥലം വാങ്ങി കൂട്ടുകാര്‍ ഒരുക്കിയ വീട് കുടുംബത്തിന് സമ്മാനിച്ചു.
സ്നേഹ സംഗമത്തില്‍ കുഴിമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലത്തില്‍ ബാപ്പുഹാജി താക്കോല്‍ദാനം നിര്‍വഹിച്ചു. 'ഒരുമ' ചെയര്മാന് കൊണ്ടോട്ടി റസാഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം.ടി. റസാഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമദ്, ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.