കൊണ്ടോട്ടി: നഗരസഭാധ്യക്ഷ സ്ഥാനം പങ്കിടുന്നതിനെചൊല്ലി കൊണ്ടോട്ടിയില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള തര്‍ക്കം പാരമ്യതയിലേക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് മുന്നണി അടിസ്ഥാനത്തിലുള്ള ധാരണപ്രകാരം നഗരസഭാധ്യക്ഷ സ്ഥാനം അവസാന രണ്ട് വര്‍ഷം കോണ്‍ഗ്രസിന് നല്‍കാമെന്ന തീരുമാനം നടപ്പാകാത്തതില്‍ പ്രതിഷേധിച്ച് നിലവിലെ ഉപാധ്യക്ഷ സ്ഥാനവും ആരോഗ്യ സ്ഥിരം സമിതി സ്ഥാനവും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രാജിവെക്കാനുള്ള തീരുമാനത്തിന് വ്യാഴാഴ്ച കൊണ്ടോട്ടിയില്‍ ചേര്‍ന്ന മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ അംഗീകാരമായി.
നഗരസഭ ഉപാധ്യക്ഷന്‍ പി. സനൂപും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ അബീന പുതിയറക്കലും സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ച് നേരത്തെ തന്നെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. ഭരണ മുന്നണിയില്‍ ലീഗിന്റെ തീരുമാനം വൈകുമ്പോള്‍ വെള്ളിയാഴ്ച നഗരസഭ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. യോഗം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഹമ്മദ് കബീര്‍ പുളിക്കല്‍ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ദാവൂദ് കുന്നംപള്ളി അധ്യക്ഷത വഹിച്ചു. നിലവിലെ നഗരസഭ ഉപാധ്യക്ഷന്‍ പി. സനൂപ്, സ്ഥിരം സമിതി അധ്യക്ഷ അബീന പുതിയറക്കല്‍, യു.ഡി.എഫ്. മണ്ഡലം കമ്മിറ്റി ചെയര്മാന് കെ.കെ. ആലിബാപ്പു, കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭ അധ്യക്ഷ സ്ഥാനം ആദ്യ മുന്ന് വര്‍ഷം മുസ്ലിം ലീഗും ശേഷമുള്ള രണ്ടു വര്‍ഷം കോണ്‍ഗ്രസും എന്ന രീതിയില്‍ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
എന്നാല്‍ ഇങ്ങനെയൊരു കരാര്‍ ഉണ്ടാക്കിയിരുന്നില്ലെന്നാണ് മുസ്ലിം ലീഗ് നഗരസഭ സമിതിയുടെ വിശദീകരണം. ഇക്കാര്യം മുന്നണി പ്രാദേശിക ഘടകത്തേയും ജില്ല ഘടകത്തേയും ബോധ്യപ്പെടുത്തിയിരുന്നെങ്കിലും ചര്‍ച്ചയില്‍ കവിഞ്ഞ് തീരുമാനങ്ങളുണ്ടായിരുന്നില്ല. ജില്ല നേതൃത്വം ഇടപെട്ട് പാണക്കാട് നടത്തിയ ചര്‍ച്ചയിലും പ്രശ്നം പരിഹരിക്കാന്‍ മാര്ഗരേഖകളായിരുന്നില്ല.
ലോക്സഭ തെരഞ്ഞെടുപ്പു വേളയില്‍ മുന്നണി കെട്ടുറപ്പ് നിലനിര്‍ത്താന്‍ തീവ്രശ്രമങ്ങള്‍ ജില്ല നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്. ബുധനാഴ്ച പി.കെ. കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ള നേതാക്കളുടെ സാനിധ്യത്തില്‍ മലപ്പുറത്തു നടന്ന ചര്‍ച്ചയില്‍ നഗരസഭാധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിന് വിട്ടുനല്‍കാനാകില്ലെന്ന നിലപാടാണ് പ്രാദേശിക നേതാക്കള്‍ അറിയിച്ചത്. ഇതേതുടര്‍ന്നാണ് നിലവിലെ സ്ഥാനങ്ങള്‍ രാജിവെക്കുക എന്ന നിലപാട് കോണ്‍ഗ്രസ് പാളയത്തില്‍ ശക്തമായത്. ഇത് കൊണ്ടോട്ടിയില്‍ യു.ഡി.എഫ് മുന്നണി സംവിധാനത്തിന്റെ നിലനില്‍പ്പിന് കടുത്ത വെല്ലുവിളിയാകും. നഗരസഭ രൂപവത്കരണസമയം ഇടഞ്ഞ ലീഗും കോൺഗ്രസും വേറിട്ടായിരുന്നു 2015ലെ ആദ്യ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇടതുമുന്നണിക്കൊപ്പം സഖ്യമുണ്ടാക്കി കോണ്‍ഗ്രസ് അധികാരത്തിലേറിയിരുന്നു. പിന്നീട് 2017ലെ ലോക്സഭ ഉപതെരഞ്ഞെടുപ്പിലാണ് ഇരുപാര്‍ട്ടികളും യോജിച്ച് യു.ഡി.എഫ് പുന:സ്ഥാപിച്ചത്. സാമ്പാര്‍ മുന്നണിയെ മാറ്റി യു.ഡി.എഫ് ഭരണം പിടിച്ചപ്പോഴും തുടക്കത്തില്‍ കോണ്‍ഗ്രസിനാണ് ചെയര്മാന് സ്ഥാനം നല്‍കിയിരുന്നത്. മുസ്ലിം ലീഗിന് 23 കൗണ്‍സിലര്‍മാരും കോണ്‍ഗ്രസിന് എട്ട് കൗണ്‍സിലര്‍മാരുമാണ് നിലവിലെ ഭരണ സമിതിയിലുള്ളത്.ഇന്ന് നഗരസഭ ഉപാധ്യക്ഷന്റെയും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.