കൊണ്ടോട്ടി: മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള നെടിയിരുപ്പ് സർവിസ് സഹകരണ ബാങ്കിനെതിരായ അഴിമതി ആരോപണം ലീഗ് പ്രാദേശിക ഘടകത്തില്‍ രാഷ്ട്രീയ ഭിന്നത രൂക്ഷമാക്കുന്നു. ബാങ്ക് ഡയറക്ടര്‍മാരായ ആറു പ്രാദേശിക നേതാക്കളെ കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതു പ്രാദേശിക പാര്‍ട്ടി ഘടകത്തില്‍ കടുത്ത വിഭാഗീയതക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
പ്രാദേശിക നേതാക്കളും സഹകരണ ബാങ്ക് ഡയറക്ടര്‍മാരുമായ അഡ്വ. പി.ഇ. മൂസ, പെരിമ്പിലായി അഹമ്മദ് കബീര്‍, വി. അഷ്റഫ്, എ. ആബിദ, കെ. ഫാത്തിമ, സക്കീര്‍ മേലേപറമ്പ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പാര്‍ട്ടി ജില്ല നേതൃത്വത്തിെൻറ നിര്‍ദേശം മറികടന്ന് ബാങ്ക് വൈസ് പ്രസിഡൻറ് മുജീബിനെതിരെ അവിശ്വാസ പ്രമേയം പാസാക്കിയതിനാണ് സസ്പെൻഷൻ.
ബാങ്കില്‍ ലക്ഷങ്ങളുടെ മുക്കുപണ്ട തട്ടിപ്പു നടന്നതായി ഒരുവിഭാഗം പരാതി ഉയര്‍ത്തിയിരുന്നു. ബാങ്കിലെ അഴിമതി പുറത്ത് കൊണ്ടുവരണമെന്ന ആവശ്യവും ശക്തമായിരുന്നു. ഇതിനിടെ മറ്റൊരു ബാങ്കില്‍ നടന്ന മുക്കുപണ്ട പണയ തട്ടിപ്പുമായി ബന്ധപ്പെട്ട് നെടിയിരുപ്പ് സഹകരണ ബാങ്കിലും അന്വേഷണം നടന്നു. അഡ്വ. പി.ഇ. മൂസ ബാങ്കിെൻറ ലീഗല്‍ അഡ്വൈസറായി പ്രവര്‍ത്തിക്കുന്നതിനൊപ്പം ഭരണസമിതി അംഗമായും പ്രവര്‍ത്തിച്ചതു ചോദ്യം ചെയ്തുയര്‍ന്ന പരാതിയില്‍ ഇയാളെ ജില്ല സഹകരണ സംഘം ജോയൻറ് രജിസ്ട്രാര്‍ അയോഗ്യനാക്കിയിരുന്നു.
ഇതിനെതിരായ അപ്പീല്‍ ഹൈകോടതി സിംഗിള്‍ ബെഞ്ച് തള്ളിയെങ്കിലും ഡിവിഷന് ബെഞ്ചില്‍നിന്ന് സ്റ്റേ ലഭിച്ചു. തുടര്‍ന്നുണ്ടായ ചേരിപ്പോരാണു അവിശ്വാസ പ്രമേയത്തിലേക്കും പാര്‍ട്ടി നടപടിക്കും കാരണമായത്.വൈസ് പ്രസിഡൻറിനെതിരായ അവിശ്വാസ പ്രമേയത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നുമായിരുന്നു ലീഗ് ജില്ല ഘടകത്തിെൻറ നിര്‍ദേശം. എന്നാല്‍, ഇതു ലംഘിച്ചാണു അവിശ്വാസ പ്രമേയം പാസാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.