കൊണ്ടോട്ടി: ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തിങ്കളാഴ്ച സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെ കൊണ്ടോട്ടി മണ്ഡലം പ്രതീക്ഷിക്കുന്നത് 273.5 കോടി രൂപയുടെ പദ്ധതികള്‍. 20 വിഭാഗങ്ങളിലായി 54 പദ്ധതികളുടെ പ്രൊപ്പോസലുകളാണ് സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നതെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ അറിയിച്ചു. മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതികളെ മുന്‍ വര്ഷങ്ങളിലെന്നപോലെ അവഗണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കല്‍, എയര്‍പോര്‍ട്ട് ക്രോസ് റോഡ് നിർമിക്കല്‍, മറ്റ് പാതകളുടെ നവീകരണം, മിനി സിവില്‍ സ്റ്റേഷന്, കൊണ്ടോട്ടി ഗവ. കോളജിനും സ്ഥല സൗകര്യമില്ലാത്ത സര്‍ക്കാര്‍ പ്രാഥമിക വിദ്യലയങ്ങള്ക്കും സ്ഥലം ഏറ്റെടുക്കല്‍, വാഴയൂര്‍, വാഴക്കാട്, ചീക്കോട് പഞ്ചായത്തുകളിലെ തീര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, വിവിധ ടൂറിസം വികസന പദ്ധതികള്‍, കൊണ്ടോട്ടി പൈതൃക നഗര പദ്ധതി, വിവിധ പാലങ്ങളുടെ നിർമാണം തുടങ്ങി വിവിധ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പ്രൊപ്പോസല്‍ തയാറാക്കിയിരിക്കുന്നത്.
കഴിഞ്ഞവര്‍ഷവും 238.50 കോടി രൂപയുടെ പദ്ധതികള്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും ആറു കോടി രൂപ മാത്രമാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ടോട്ടി മണ്ഡലത്തോടും വിമാനത്താവളത്തോടും കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നന്നാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി മറുപടി പ്രസംഗത്തില്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ അതിന് നടപടി ഉണ്ടായിട്ടില്ലെന്നും എം.എല്‍.എ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.