കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ വെള്ളിയാഴ്ച അറസ്റ്റിലായ കരിപ്പൂർ കുമ്മിണിപ്പറമ്പ് സ്വദേശി സജിമോൻ എന്ന സാജി വിമാനത്താവള പരിസരത്ത് സ്വർണക്കടത്ത് സംഘങ്ങളെ ഏകോപിപ്പിക്കുന്ന മുഖ്യ കണ്ണി. വിമാനത്താവളത്തിന് അകത്തുവരെ സ്വാധീനമുള്ള സാജി കൊടുവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വർണക്കടത്തു സംഘത്തിെൻറ മുഖ്യ ഏജൻറാണ്. വിമാനത്താവളത്തിലും പരിസരത്തും ടാക്സി സർവിസും മണി എക്സ്ചേഞ്ച് ബിസിനസും ട്രാവൽസും മറ്റും നടത്തുന്ന ഇയാൾക്ക് കരിപ്പൂരിൽ കാര്യങ്ങൾ ഏകോപിപ്പിക്കാൻ വലിയ സംഘം തന്നെയുണ്ട്.
ഗൾഫിൽ സ്വർണക്കടത്ത് നിയന്ത്രിക്കുന്ന സംഘത്തലവന്മാരുമായി അടുത്ത് ബന്ധമുള്ളയാളാണ് സാജി. കരിപ്പൂർ സ്വർണക്കടത്ത് സംഭവ ദിവസം കാരിയറായി വന്ന മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിെൻറ ഫോട്ടോ ഗൾഫിൽനിന്ന് ജയ്സൽ എന്നയാൾ വാട്സ്ആപ് വഴി അയച്ചുകൊടുത്തിരുന്നു. ആ ഫോട്ടോ വിമാനത്താവളത്തിനകത്തെ മറ്റൊരാൾക്ക് ഇയാൾ ഫോർവേഡ് ചെയ്യുകയും ഇറങ്ങിയാൽ അറിയിക്കണമെന്ന് അറിയിക്കുകയും െചയ്തു. കണ്ണൂർ സ്വദേശി അർജുൻ ആയങ്കി എയർപോർട്ടിൽ നിൽക്കുന്ന ഫോട്ടോയും അപ്രകാരം അയച്ചിരുന്നു. എയർപോർട്ട് റോഡിൽനിന്ന് അൽപം മാറി വിവരങ്ങൾ യഥാസമയം ഗൾഫിലേക്ക് അറിയിച്ചുകൊണ്ടിരുന്നു. മറ്റു സംഘാംഗങ്ങൾ ഇയാളെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു. രാമനാട്ടുകരയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനം അപകടത്തിൽപ്പെട്ട വിവരമറിഞ്ഞ് ഗൾഫിൽ നിന്നുള്ള നിർദേശപ്രകാരം സംഭവസ്ഥലത്തെത്തി വിവരങ്ങൾ കൈമാറിയാണ് മടങ്ങിയത്.
കൊടുവള്ളി, താമരശ്ശേരി സ്വർണക്കടത്ത് മാഫിയക്ക് വേണ്ടി നിരവധി തവണ കരിയർമാരെ സുരക്ഷിതമായി വിമാനത്താവളത്തിന് പുറത്തെത്തിക്കുകയും റസീവർമാരെ (സ്വർണം സ്വീകരിക്കാൻ വരുന്നവർ) ഏൽപിക്കുകയുമാണ് പതിവ്. വിശ്വസ്തനായ ഏജൻറായാണ് ഇയാളുടെ പ്രവർത്തനം.
തുടക്കത്തിൽതന്നെ ഇയാളുടെ സാന്നിധ്യം പ്രത്യേക അന്വേഷണ സംഘം മനസ്സിലാക്കിയിരുന്നെങ്കിലും കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ കരിപ്പൂരിൽ സ്ഥിര താമസക്കാരനാണ്, എയർപോർട്ട് പരിസരത്താണ് ബിസിനസ് എന്നിവ പറഞ്ഞ് ഒഴിയുകയായിരുന്നു. എന്നാൽ, നിരവധി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.