കൊണ്ടോട്ടി: കേരളത്തിലെ അതിവേഗ റെയില്‍ പദ്ധതിയായ കെ. റെയില്‍ പദ്ധതിയില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് കണക്ടിവിറ്റി വേണമെന്നാവശ്യം. പദ്ധതിയിൽ കണക്ടിവിറ്റി ഇല്ലാത്ത കേരളത്തിലെ ഏക വിമാനത്താവളമാണ് കരിപ്പൂർ. ഫറോക്കില്നിന്നോ പരപ്പനങ്ങാടിയില്നിന്നോ ഇവിടേക്ക് സഞ്ചാരമാര്‍ഗം ഒരുക്കാനാവും. കരിപ്പൂർ യാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്ന വിധം കണക്ടിവിറ്റി നല്കാന് കെ. റെയില്‍ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ടില്‍ (ഡി.പി. ആര്) മാറ്റം വരുത്തണമെന്ന് ടി.വി. ഇബ്രാഹീം എം.എല്‍.എ മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവരെ കണ്ട് നിവേദനങ്ങള്‍ നല്‍കുകയും കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.
വിമാനത്താവള വികസനം നിലച്ചിരിക്കുകയാണ്. വിമാനാപകടത്തിന് ശേഷം വലിയ വിമാനങ്ങളുടെ സര്‍വിസ് തടസ്സപ്പെട്ടിട്ടുണ്ട്. ഹജ്ജ് പുറപ്പെടൽ കേന്ദ്രവും തിരികെ ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങളിലെല്ലാം അധികൃതരുടെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്നും എം.എല്‍.എ കുറ്റപ്പെടുത്തി. ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് -പാലക്കാട് പുതിയ നാല് വരി ഗ്രീന്‍ ഫീല്‍ഡ് ദേശീയ പാതയില്‍ നിന്നും കരിപ്പൂരിലേക്ക് കണക്ടിവിറ്റി നല്‍കിയിട്ടില്ല. ഇതിലും കരിപ്പൂരിലേക്ക് പാത ഒരുക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.