കൊണ്ടോട്ടി: അസംസ്കൃത വസ്തുക്കളുടെ വിലനിര്‍ണയത്തില്‍ തുടരുന്ന അനിശ്ചിതാവസ്ഥ നിര്‍മാണ മേഖലയെ തളര്‍ത്തുന്നു. കോവിഡ് രണ്ടാം തരംഗത്തിനുശേഷം സിമന്റ്, കമ്പി, ചെങ്കല്ല്, ക്രഷര്‍ ഉൽപന്നങ്ങള് എന്നിവക്കെല്ലാം വന്‍തോതിലാണ് വില ഉയര്‍ന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴില്‍ മേഖലയിലൊന്നായിട്ടുപോലും സ്വകാര്യ നിർമാണ രംഗത്ത് സര്‍ക്കാർ ഇടപെടല്‍ വൈകുന്നത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
ജി.എസ്.ടി ഏർപ്പെടുത്തിയതോടെ പലവിധ നികുതികളുടെ പേരില്‍ ഉയര്‍ന്ന വിലയ്ക്ക് വില്പന നടത്തിയിരുന്ന നിര്‍മാണ അസംസ്കൃത സാധനങ്ങളുടെ വില കുറയേണ്ടതായിരുന്നു. എന്നിട്ടും ചെങ്കല്ല്, കരിങ്കല്ല്, മണല്‍, സിമന്റ്, കമ്പി തുടങ്ങിയവക്കെല്ലാം വില ഉയരുന്നത് തടയാന്‍ നിലവില്‍ സംവിധാനമില്ല.
കോവിഡ് ആദ്യ തരംഗത്തില്‍ തീര്‍ത്തും നിലച്ച നിര്‍മാണ മേഖല പിന്നീട് ഉണര്‍ന്നെങ്കിലും രണ്ടാം തരംഗത്തോടെ വിലക്കയറ്റം അതിരൂക്ഷമായി. വന്‍കിട സ്വകാര്യ പദ്ധതികളും സര്‍ക്കാര്‍ പ്രവൃത്തികളും മുടക്കമില്ലാതെ നടക്കുമ്പോള്‍ ഇടത്തരം പ്രവൃത്തികളാണ് വിലക്കയറ്റത്തില്‍ ഉടക്കി സ്തംഭിക്കുന്നത്. സാധാരണക്കാരുടെ വീട് നിര്‍മാണം പോലും പാതിവഴിയില്‍ നിലക്കുന്നതിനാൽ തൊഴില്‍ പ്രതിസന്ധിയും രൂക്ഷമാണ്.
ഒമിക്രോണ്‍ ഭീഷണി ഉടലെടുക്കുന്നതിനു മുമ്പ് സിമന്റ് 50 കിലോഗ്രാം ബാഗിന് 370 രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോള്‍ 430 മുതല്‍ 480 രൂപ വരെയാണ്. കിലോഗ്രാമിന് 62 മുതല്‍ 68 രൂപ വരെ ഉണ്ടായിരുന്ന കമ്പിക്ക് ഇപ്പോള്‍ 72 മുതല്‍ 84 രൂപ വരെ നല്‍കണം. 40 രൂപ ഉണ്ടായിരുന്ന ചെങ്കല്ലിന് 48 രൂപയിലധികമാണ് വില. എം സാൻഡ്, മറ്റ് ക്രഷര്‍ ഉൽപന്നങ്ങള്, കരിങ്കല്ല്, ടൈലുകള്‍, പി.വി.സി പൈപ്പുകള്‍, പെയിന്റുകള്‍ എന്നിവക്കും അഞ്ച് മുതല്‍ 15 ശതമാനം വരെ വില വര്‍ധിച്ചു.
നിര്‍മാണ അസംസ്കൃത വസ്തുക്കളുടെ വിലയില്‍ വിവിധ ജില്ലകളിൽ ഏകീകരണമില്ലെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഇന്ധന വിലയും ട്രെയിൻ ചരക്കുകൂലിയും കൂടിയതാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്.
മേഖലയില്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലില്ലാത്തത് ചൂഷണത്തിന് കാരണമാകുന്നതായും പരാതിയുണ്ട്. പരമ്പരാഗത വിഭവങ്ങള്‍ മാത്രം ആശ്രയിക്കാതെ ശാസ്ത്രീയവും സാങ്കേതികത്തികവുമുള്ള തരത്തില്‍ നിര്‍മാണ രംഗത്തെ പരിഷ്കരിക്കാന്‍ സര്‍ക്കാറിന്റെ ബോധപൂര്‍വ ഇടപെടല്‍ ഉണ്ടാകണമെന്നും ഇതിന് കൃത്യമായ മാനദണ്ഡങ്ങളോടെ പ്രത്യേക വകുപ്പ് രൂപവത്കരിക്കണമെന്നുമാണ് നിര്‍മാണ രംഗത്തെ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മകളും തൊഴിലാളി സംഘടനകളും ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.