കൊണ്ടോട്ടി: സമരം മലപ്പുറത്തായാലും കോഴിക്കോട്ടായാലും കൊണ്ടോട്ടി നിശ്ചലമാകും. തകര്‍ന്നടിഞ്ഞ നിരത്തുകളും ബൈപാസ് റോഡുകളുടെ കുറവുമാണ് ജില്ലയിലെ പ്രധാന നഗരത്തിന് വെല്ലുവിളിയാകുന്നത്.
കോഴിക്കോട് മുസ്ലിം ലീഗിെൻറ വഖഫ് സമരത്തിനായി നിരവധി വാഹനങ്ങള്‍ എത്തിയതോടെ വ്യാഴാഴ്ച ഉച്ച മുതൽ വലിയ ഗതാഗതക്കുരുക്കാണ് കൊണ്ടോട്ടിയിലുണ്ടായത്. രോഗികള്‍ ഉള്പ്പെടെയുള്ളവരുമായെത്തിയ വാഹനങ്ങളും മറ്റു യാത്ര വാഹനങ്ങളും ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങി. ഉച്ചക്ക് 12ഓടെ ആരംഭിച്ച ഗതാഗതക്കുരുക്ക് ബൈപാസ് റോഡില്‍ വൈകീട്ട് അഞ്ചു വരെ തുടര്‍ന്നു.
ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കു കടന്നു പോകാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. ദേശീയപാതയില്‍ കുറുപ്പത്തും നഗരമധ്യത്തിലും 17നുമിടയിലും രൂപപ്പെട്ട വലിയ കുഴികളാണു ഗതാഗതക്കുരുക്കിന് പ്രധാന കാരണമാകുന്നത്. യാത്ര പ്രതിസന്ധി പരിഹരിക്കാന്‍ ബൈപാസ് റോഡുകളുടെ കുറവും തിരിച്ചടിയാകുന്നു. പൊലീസിനെ നിയോഗിച്ചാൽ പോലും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള രോഗികളെ പോലും വേഗത്തിലെത്തിക്കാനാകാത്ത അവസ്ഥയാണ് ഇവിടെയുള്ളത്.
കരിപ്പൂര്‍ വിമാനത്താവളത്തിനടുത്തുള്ള വലിയ നഗരമെന്ന നിലയില്‍ കൊണ്ടോട്ടിയിലെ യാത്ര പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമെങ്കിലും സർക്കാർ ഇടപെടല്‍ വൈകുകയാണ്. പ്രശ്നത്തില്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ് വിവിധ സംഘടനകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.