കൊണ്ടോട്ടി: തദ്ദേശ െതരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കെ ഉദ്ഘാടനമാമാങ്കവും അരങ്ങുതകർക്കുന്നു. കൊണ്ടോട്ടിയിൽ രാഷ്ട്രീയപോരിൽ നടന്നത് ഒരു പാലത്തിന് രണ്ട് ഉദ്ഘാടനം. കൊണ്ടോട്ടി വലിയ തോടിന് കുറുകെ 17 മൈല്‍ പാലത്തിനാണ് ഒരേദിവസം രണ്ടു ഉദ്ഘാടനം നടത്തിയത്.
നഗരസഭ 38 ലക്ഷം മുടക്കി നിര്‍മിച്ച പാലമാണ് ആദ്യം ഇടതുപക്ഷ വാര്‍ഡ് കൗണ്‍സിലറും പിന്നീട് നഗരസഭ ചെയര്‍പേഴ്‌സനും ഉദ്ഘാടനം ചെയ്തത്. യു.ഡി.എഫിനാണ് ഇവിടെ ഭരണം. കൊണ്ടോട്ടി 17 ബൈപാസ് റോഡില്‍നിന്ന് ദയ നഗര്‍, വെണ്ണേങ്കോട് പള്ളിയാളി, നമ്പോലം കുന്ന്, കാഞ്ഞിരപ്പറമ്പ്, വിമാനത്താവളം ഭാഗത്തേക്കുള്ള റോഡിലെ വലിയ തോടിന് കുറുകെയാണ് പുതിയ പാലം നിര്‍മിച്ചത്.
നിലവിലുള്ള ഇടുങ്ങിയ ചെറിയ കോൺക്രീറ്റ് പാലം അപകടാവസ്ഥയിലായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് പ്രവൃത്തി തുടങ്ങിയത്. നിര്‍മാണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സൻ കെ.സി. ഷീബയാണ് നിര്‍വഹിച്ചത്. ഒന്നരമാസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് തീരുമാനമെങ്കിലും കോവിഡ് മൂലം പ്രതിസന്ധിയിലായി.
ജൂണില്‍ വീണ്ടും പ്രവൃത്തികള്‍ തുടങ്ങിയാണ് കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കിയത്. വാർഡ് കൗണ്‍സിലറായ പുലാശ്ശേരി മുസ്തഫ വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഉദ്ഘാടനം ചെയ്തു. പിറകെയാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ചെയര്‍പേഴ്‌സൻ കെ.സി. ഷീബയുടെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങളും സ്ഥലത്തെത്തി പാലം ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്‍പേഴ്‌സൻ ആയിഷാബി അധ്യക്ഷത വഹിച്ചു. വികസന സ്ഥിരംസമിതി അധ്യക്ഷൻ സി. മുഹമ്മദ് റാഫി, അയ്യാടന്‍ മുഹമ്മദ് ഷാ, കെ.കെ. അസ്മാബി, പി. അഹമ്മദ് കബീര്‍, ഒ.പി. മുസ്തഫ, പി. മൂസ, കെ.പി. മറിയുമ്മ, ഇ.എം. റഷീദ്, കിളിനാടന്‍ ഉണ്ണീന്‍കുട്ടി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.