കൊണ്ടോട്ടി: മോങ്ങത്തിനടുത്ത് തടപ്പറമ്പിൽ പ്രവര്‍ത്തിച്ചിരുന്ന അനധികൃത ചെങ്കല്‍ ക്വാറിയില്‍നിന്ന് കല്ലുവെട്ട് യന്ത്രങ്ങളും എട്ട് വാഹനങ്ങളും കൊണ്ടോട്ടി പൊലീസ് പിടികൂടി. രണ്ട് കല്ലുവെട്ട് യന്ത്രങ്ങള്‍, രണ്ട് ജെ.സി.ബികള്‍, കല്ല് കൊണ്ടുപോകാനെത്തിയ ആറ് ടിപ്പര്‍ ലോറികള്‍ എന്നിവയാണ് സി.ഐ ദീപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടിച്ചെടുത്തത്.
അനുമതിയില്ലാത്ത കേന്ദ്രത്തില്‍ വ്യാപകമായി ചെങ്കല്‍ ഖനനം നടന്നു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ റിപ്പോര്‍ട്ടും വാഹനങ്ങളും പൊലീസ് ജിയോളജി വകുപ്പിന് കൈമാറും. ഇക്കാര്യത്തില്‍ ജിയോളജി വകുപ്പാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുക. പിടിച്ചെടുത്ത വാഹനങ്ങളും യന്ത്രസാമഗ്രികളും കൊണ്ടോട്ടി പൊലീസ് സ്റ്റേഷന് പരിസരത്തേക്ക് മാറ്റിയിരിക്കുകയാണ്.
തടപ്പറമ്പ് മേഖലയില്‍ അനധികൃത പാറ ഖനനം വ്യാപകമാണെന്ന പരാതി ശക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 26ന് പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ട് കല്ലുവെട്ട് യന്ത്രങ്ങളും 13 ടിപ്പര്‍ ലോറികളും നാല് ജെ.സി.ബികളും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്കകം തന്നെ വീണ്ടും അനധികൃത ചെങ്കല്‍ ഖനനം പ്രദേശത്ത് നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തിയത്. ക്വാറി മാഫിയയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.