കൊണ്ടോട്ടി: നവീകരണം അന്തിമ ഘട്ടത്തിലെത്തിയ കൊണ്ടോട്ടി നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിട സമുച്ചയം അടുത്ത മാസം യാത്രികര്‍ക്കായി തുറന്നുകൊടുക്കും. നഗരസൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായാണ് കെട്ടിടം നവീകരിച്ചത്. വിശാലമായ ഇരിപ്പിടങ്ങള്‍, യാത്രക്കാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായ വിശ്രമ മുറികള്‍, മുലയൂട്ടല്‍ കേന്ദ്രം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ശൗചാലയങ്ങള്‍, കോഫി ഹൗസ്, പൊലീസ് എയ്ഡ് പോസ്റ്റ്, നഗരസഭയുടെ ഫ്രണ്ട് ഓഫിസ് എന്നിവ ഉൾപ്പെടുത്തിയാണ് കെട്ടിടം നവീകരിച്ചത്.
സംസ്ഥാന സര്‍ക്കാറിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 65 ലക്ഷം രൂപ ചെലവഴിച്ച് നിർമാണം പുരോഗമിക്കുന്ന കെട്ടിടത്തില്‍ ഇരിപ്പിടങ്ങള്‍, സ്ത്രീ-പുരുഷന്മാര്‍ക്കുള്ള വിശ്രമ കേന്ദ്രം എന്നിവയാണ് ഇനി ഒരുക്കാനുള്ളത്. തകര്‍ന്നടിഞ്ഞുകിടക്കുന്ന ശൗചാലയം നവീകരിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ഇതിന്റെ 80 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായിട്ടുണ്ട്. മറ്റു പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ മാര്‍ച്ച് രണ്ടാം വാരം ബസ് സ്റ്റാൻഡ് സമുച്ചയം യാത്രികര്‍ക്ക് തുറന്നുകൊടുക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.
കെട്ടിടത്തിന്റെ മുകള്‍ നിലയിലെ വനിത വിശ്രമ കേന്ദ്രവും ഇതോടെ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കാനാണ് ധാരണ. നഗരസഭയുടെ പദ്ധതി വിഹിതത്തില്‍ 10 ലക്ഷം രൂപ വകയിരുത്തി ബസ് സ്റ്റാൻഡിന് സമീപത്തുള്ള അഴുക്കുചാൽ നവീകരണവും നടപ്പാക്കുന്നുണ്ട്. കെട്ടിട നവീകരണം പൂര്‍ത്തിയാകുന്നതോടെ മഴക്കാലത്തെ വെള്ളക്കെട്ടിനും മാലിന്യ പ്രശ്‌നത്തിനും ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.