കൊണ്ടോട്ടി: കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരവും ശുദ്ധതയും പരിശോധിക്കാനുള്ള ലാബ് അനുയോജ്യമായ കെട്ടിടം കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് കൊണ്ടോട്ടിക്ക് നഷ്ടമായി. 2022ല്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ ആവശ്യപ്പെട്ട ജല ഗുണനിലവാര പരിശോധന ലാബ് കൊണ്ടോട്ടി മണ്ഡലത്തില്‍ സ്ഥാപിക്കാൻ സാധ്യത പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന് നിര്‍ദേശിച്ചിരുന്നെങ്കിലും അനുയോജ്യമായ കെട്ടിടമില്ലെന്ന ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പദ്ധതി വിസ്മൃതമാകുകയായിരുന്നു.
മഞ്ഞപ്പിത്തം, എലിപ്പനി, പകര്‍ച്ച പനി തുടങ്ങിയ ജലജന്യ രോഗങ്ങള്‍ പൊതുജനാരോഗ്യത്തിന് കടുത്ത വെല്ലുവിളി സൃഷ്ടിക്കുമ്പോള്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഈ ഘട്ടത്തിലാണ് പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന സര്‍ക്കാര്‍ തലത്തിലുള്ള ആധുനിക ജല ഗുണനിലവാര പരിശോധന ലാബ് കെട്ടിടമില്ലെന്ന ഒറ്റ കാരണത്താന്‍ നഷ്ടപ്പെടുന്നത്. നിലവില്‍ മഞ്ചേരിയിലെ ജില്ല ലാബിനെയും മലപ്പുറത്തെ ഉപജില്ല ലാബിനെയുമാണ് ജല ഗുണനിലവാര പരിശോധനക്ക് ജനങ്ങള്‍ ആശ്രയിക്കുന്നത്.
തുറക്കലിലുള്ള ജല വിഭവ വകുപ്പിന്റെ പി.എച്ച് സെക്ഷന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളില്‍ ലാബ് നിർമിക്കാനായിരുന്നു ആദ്യം ധാരണയായിരുന്നത്. ഇതിന്റെ ഭാഗമായി പി.എച്ച് വിഭാഗം കോഴിക്കോട് മേഖല ഓഫിസില്‍നിന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കെട്ടിടം പരിശോധിച്ചിരുന്നു.
30 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ മുകള്‍ നില ജീര്‍ണാവസ്ഥയിലാണെന്നും ഇലക്ട്രിക് ഓവനുകള്‍, റഫ്രിജറേറ്റുകള്‍, കൂളിങ് ഇന്‍ക്യൂബേറ്റര്‍, ഓട്ടോക്ലേവ്, ഡീപ് ഫ്രീസര്‍, ഡിസ്റ്റിലേഷന്‍ യൂനിറ്റുകള്‍, ബയോ സേഫ്റ്റി കാബിന് തുടങ്ങിയ ഭാരമുള്ള ഉപകരണങ്ങള്‍ കെട്ടിടത്തില്‍ സ്ഥാപിക്കാനാകില്ലെന്നുമായിരുന്നു സംഘത്തിന്റെ കണ്ടെത്തല്‍.
മേഖല കാര്യാലയത്തിലെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പദ്ധതി മരവിപ്പിച്ചതല്ലാതെ പുതിയ കെട്ടിടത്തിനുള്ള സാധ്യത തേടാന്‍ സര്‍ക്കാറില്‍ നിന്ന് അനുകൂല നിലപാടുണ്ടായില്ലെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ പറഞ്ഞു. ലാബിനായി പുതിയ കെട്ടിടം എന്ന ആശയം മുന്നോട്ട് വെച്ചെങ്കിലും സാമ്പത്തിക ചെലവുകള്‍ കണക്കിലെടുത്ത് ലാബ് പദ്ധതി അവഗണിക്കപ്പെടുകയാണ്. മിനി സിവില്സ്റ്റേഷന് പോലുള്ള പൊതു സൗകര്യങ്ങളുടെ കുറവും പദ്ധതിക്ക് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.