വിത്തുപാകിയൊരു യാത്ര, ഇരുചക്രത്തില്‍ ഒറ്റ മനസ്സോടെ

കൊണ്ടോട്ടി: ലോക സൈക്കിള്‍ ദിനത്തിലും യാത്രയിലാണ് കൊണ്ടോട്ടി തുറക്കല്‍ സ്വദേശികളായ സിദ്ദീഖും അസ്‌ലമും. തലമുറകള്‍ക്കായി കാത്തുവെക്കേണ്ട പ്രകൃതിവിഭവങ്ങള്‍ കൈമോശംവരാതെ കാത്തു സൂക്ഷിക്കണമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര. പ്രവാസജീവിതത്തിനിടെ ലഭിച്ച അവധി നാടിന്റെ സംരക്ഷണത്തിന് പ്രയോജനപ്പെടുത്താമെന്ന ചിന്തയില്‍ ഡബിള്‍ സൈക്കിളിലാണ് കൊണ്ടോട്ടി തുറക്കല്‍ സ്വദേശികളായ ഇരുവരും കേരളയാത്രക്ക് തുടക്കമിട്ടത്. കണ്ണൂര്‍ ആസ്ഥാനമായ മെയ്ക് മൈ സിറ്റി ഗ്രീന്‍  സംഘടനയുമായി ചേര്‍ന്ന് വഴിയോരങ്ങളില്‍ ഫലവൃക്ഷങ്ങളുടെയും ഔഷധസസ്യങ്ങളുടെയും വിത്തുകള്‍ പാകിയാണ് യാത്ര. ഇതിന് വിത്തുബാഗുകള്‍ കൈയില്‍ കരുതിയിട്ടുണ്ട്. വിത്തുകൾ നടുന്നതിനൊപ്പം യുവജന സംഘങ്ങളെ കൂട്ടുപിടിച്ചുള്ള ജനകീയ ബോധവത്കരണവുമുണ്ട്.

കാസര്‍കോട് അതിര്‍ത്തിയായ തലപ്പാടി പ്രധാന കേന്ദ്രമായി ആരംഭിച്ച യാത്ര നിലവില്‍ പത്തനംതിട്ട ജില്ലയാണ് പിന്നിടുന്നത്. ഓരോ ജില്ലയിലേക്കും ആവശ്യമായ വിത്തുകള്‍ മെയ്ക് മൈ സിറ്റി ഗ്രീന്‍ സംഘടനയും വിവിധ സന്നദ്ധപ്രവര്‍ത്തകരുമാണ് എത്തിച്ചുനല്‍കുന്നത്. ഇതിനൊപ്പം ആധുനികജീവിതത്തില്‍ സൈക്കിള്‍ ഉപയോഗത്തിന്റെ ആവശ്യകതയും ഇരുവരും പഠിപ്പിക്കുന്നു. 

രണ്ടുപേര്‍ ഒരേ സൈക്കിളില്‍ എത്തുമ്പോഴുള്ള കൗതുകവും മുതല്‍ക്കൂട്ടാകുകയാണെന്ന് ഇവർ പറയുന്നു. മേയ് എട്ടിന് ഫുട്‌ബാള്‍താരം അനസ് എടത്തൊടിക കൊണ്ടോട്ടിയിലെ തുറക്കലില്‍നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത യാത്ര ഈ മാസം എട്ടിന് തിരുവനന്തപുരത്ത് സമാപിക്കും.


Tags:    
News Summary - world bicycle day special story 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.