കൊണ്ടോട്ടി: മുസ്ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം ജനറല്‍ സെക്രട്ടറി അഷ്റഫ് മടാനെതിരെ വിമതനായി രംഗത്തുണ്ടായിരുന്ന മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡൻറ് ഇ.എം. റഷീദ് ഔദ്യോഗിക സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങി. വാര്‍ഡ് 32 മേലങ്ങാടിയിലാണ് അഷ്റഫ് ജനവിധിതേടുന്നത്. മണ്ഡലം ജനറൽ സെക്രട്ടറിക്കെതിരെതന്നെ യൂത്ത് ലീഗ് നേതാവ് കൂടിയായ മുന്‍ കൗണ്‍സിലര്‍ രംഗത്തുവന്നത് ഏറെ വിവാദമായിരുന്നു. ലീഗ് ജില്ല നേതൃത്വം നേരിട്ട് ഇടപെട്ടാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്.
നഗരസഭയില്‍ അരഡസനോളം യു.ഡി.എഫ് വിമതരാണ് മത്സരരംഗത്തുള്ളത്. വാര്‍ഡ് 30 പാലക്കാപറമ്പില്‍ ലീഗ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്ന ചാക്കീരി അഹമ്മദ്കുട്ടി, 16 കാരിമുക്കില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി വൈസ് പ്രസിഡൻറ് പി.കെ. രാജന്, വാര്‍ഡ് 40 കൊളത്തൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അഷ്റഫ് പറക്കൂത്ത്, 17 പൊയില്‍ക്കാവിൽ കെ.കെ. അസ്മാബി, വാര്‍ഡ് 39ല്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.പി. റഹ്മത്തുല്ല, വാര്‍ഡ് 10 പഴയങ്ങാടിയില്‍ മുഹമ്മദ് അനസ് എന്നീ കോണ്‍ഗ്രസ് നേതാക്കളാണ് വിമതരായി രംഗത്തുള്ളത്. ഇവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരിക്കുകയാണ്. നഗരസഭയില്‍ വിമതർ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ വലിയ തലവേദനയാണുണ്ടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.