കൊണ്ടോട്ടി: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ സീബ്രാ ലൈനുകള്‍ അവ്യക്തമാകുന്നത് കാൽനടക്കാരെ വലക്കുന്നു. പ്രധാന നഗരങ്ങളിലും തിരക്കേറിയ അങ്ങാടികളിലും റോഡ് കടക്കാന്‍ പ്രയാസപ്പെടുകയാണ് കാല്‍നട യാത്രികര്‍. നഗരമധ്യത്തിലെ ബസ് സ്റ്റാൻഡിന് മുന്നിലടക്കം മാഞ്ഞുമോയ സീബ്രാ ലൈനുകള്‍ പുന:സ്ഥാപിക്കാന്‍ നടപടി വൈകുകയാണ്. ഇതിനിടെ എവിടെ റോഡ് മുറിച്ചുകടക്കണമെന്ന് ആശങ്കയിലാകുന്ന കാൽനടക്കാര്‍ രാത്രിയില്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.
ദേശീയ പാതയില്‍ ഐക്കരപ്പടി മുതല്‍ പൂക്കോട്ടൂര്‍ വരെ ഈ നില തുടരുമ്പോള്‍ വിദ്യാര്‍ഥികളും മുതിര്‍ന്ന പൗരന്മാരുരുള്പ്പെടെയുള്ളവരാണ് നടുറോഡില്‍ ദിശ കാണാതെ വലയുന്നത്. ഗതാഗത നിയമങ്ങള്‍ പാലിക്കാതെ എത്തുന്ന വാഹനങ്ങൾ കൂടിയാകുമ്പോൾ ദുരിതം ഇരട്ടിയാണ്.
കൊണ്ടോട്ടി കുറുപ്പത്ത് 17ാം മൈല്‍, പുളിക്കല്‍, മൊറയൂര്‍, മോങ്ങം, അറവങ്കര, പൂക്കോട്ടൂര്‍ മേഖലകളിലാണ് പ്രശ്നം രൂക്ഷം. നഗരത്തിലെ വിദ്യാലയ കേന്ദ്രങ്ങളിലെ പാതകളിലും സ്ഥിതി വ്യത്യസ്തമല്ല.
സീബ്രാ ലൈനുകള്‍ മാഞ്ഞുപോയ ഭാഗങ്ങളില്‍ കാല്‍നടക്കാര്‍ റോഡ് മുറിച്ചുകടക്കുന്നതും കാര്യക്ഷമമായ നടപ്പാതകളില്ലാത്ത ദേശീയ പാതയോരത്തുകൂടി സഞ്ചരിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തുകയാണ്. ബസ് സ്റ്റാന്‍ഡ് പരിസരത്തെ രാത്രികാല കാല്‍നട യാത്രയാണ് ഏറെ ദുഷ്കരം.
വൈകുന്നേരം നാലോടെ എടവണ്ണപ്പാറ റോഡ് ജങ്ഷന്, അരീക്കോട് റോഡ് ജങ്ഷന് എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് നിലവിലുള്ളത്. ദേശീയ പാതയോരത്തെ അനധികൃത വാഹന പാര്‍ക്കിങും വെല്ലുവിളി സൃഷ്ടിക്കുന്നു. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് പരാതികള്‍ ശക്തമെങ്കിലും ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പധികൃതരും കാര്യക്ഷമമായ ഇടപെടല്‍ നടത്തിയിട്ടില്ല.
കൊണ്ടോട്ടി: കൊണ്ടോട്ടി മേഖലയില്‍ അപകട കെണിയഴിക്കാന് മാഞ്ഞുപോയ സീബ്രാ ലൈനുകള്‍ പുനഃസ്ഥാപിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നഗരസഭ സമിതി. ഇക്കാര്യമുന്നയിച്ച് സംഘടന ഭാരവാഹികള്‍ പെരിന്തല്‍മണ്ണയിലെ പൊതുമരാമത്ത് വിഭാഗം റീജനല്‍ ഓഫിസില്‍ പരാതി നല്കി. വിദ്യാര്‍ഥികളടക്കമുള്ള യാത്രികരെ വലക്കുന്ന പ്രശ്നത്തില്‍ നടപടി വൈകുന്നപക്ഷം ജനകീയ സമരത്തിന് രൂപം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു. അപകടാവസ്ഥയില്‍ നടന്നുപോകുന്ന യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ പ്രധാന നിരത്തുകളില്‍ സീബ്രാ ലൈനുകള്‍ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
ഇക്കാര്യത്തില്‍ ജനശ്രദ്ധയാകര്‍ഷിക്കും വിധം ആദ്യഘട്ട സമരത്തിന് രൂപം നല്‍കുമെന്ന് ഭാരവാഹികളായ സി.കെ. ജിഹാദ്, ലുക്മാന് കാരി, നിത ഷഹീര്‍, സൗമ്യ ചെറായി, ഹബീബ് ബംഗളത്ത, ഷഹീര്‍, മുനീര്‍ ചെമ്മലപ്പറമ്പ്, സലാം ചെമ്മലപ്പറമ്പ് തുടങ്ങിയവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.