കോട്ടക്കൽ: മഴക്ക് പിന്നാലെ ദേശീയപാതയില്‍നിന്നും മറുവശത്തേക്കുള്ള താത്ക്കാലിക വഴിയും അടഞ്ഞതോടെ തീരാദുരിതത്തിൽ രണ്ടത്താണി നിവാസികള്‍. നഗരത്തെ കീറിമുറിച്ചുണ്ടാക്കിയ ആറുവരിപ്പാതക്കടിയിലെ വെള്ളം ഒഴുകിപ്പോകുന്ന വഴിയായിരുന്നു നാട്ടുകാരുടെ ഏക ആശ്രയം. രണ്ടത്താണിക്ക് കുറുകെ അടിപാത വേണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന് ജനപ്രതിനിധികളെല്ലാം കണ്ണടച്ചതോടെ നഗരത്തെ കീറിമുറിച്ച് പുതിയ പാതയും വന്നു. ഇതോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വെള്ളം ഒഴുകി പോകുന്ന പാത താല്‍ക്കാലിക സഞ്ചാരയോഗ്യമാക്കി. വെളച്ചമടക്കമുള്ള സൗകര്യങ്ങളും സ്ഥാപിച്ചു. എന്നാല്‍ വേനല്‍ മഴ തകര്‍ത്തു പെയ്തതാണ് തിരിച്ചടിയായത്. ഇരുഭാഗത്തുനിന്നുള്ള ചളിയും വെള്ളവും അഴുക്കുചാലിലേക്ക് ഒഴികെയെത്തിയതോടെ നടക്കാന്‍ പോലും കഴിയുന്നില്ല. ഒരാള്‍ പൊക്കത്തില്‍ ഉണ്ടായിരുന്ന വഴി ചളി നിറഞ്ഞതോടെ തലകുമ്പിട്ട് വേണം മറുഭാഗത്തേക്ക് എത്താന്‍.
നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം സമീപത്ത വീടുകളിലേക്കാണ് എത്തുന്നത്. അഴുക്കുചാൽ നിറഞ്ഞതോടെ മലിനജലം കിണറുകളിലേക്കും ഇറങ്ങി. ഇതോടെ ആരോഗ്യ ഭീഷണി നേരിടുകയാണ് നാട്ടുകാര്‍. വെള്ളക്കെട്ടും ചളിയും രൂപപ്പെട്ടതോടെ ലിങ്കു റോഡുകൾക്ക് സമീപം മണ്ണിടിഞ്ഞ നിലയിലാണ്. പ്രതിഷേധത്തെ തുടർന്ന് ദേശീയപാത നിർമാണ കമ്പനി അധികൃതർ താത്ക്കാലികമായി തടസ്സങ്ങൾ നീക്കി. ചെറിയ മഴ പെയ്തതോടെ കാര്യങ്ങള്‍ കൈവിട്ടു കഴിഞ്ഞു.
വര്‍ഷക്കാലമായാല്‍ എന്ത് ചെയ്യുമെന്നാണ് സമീപവാസികള്‍ ചോദിക്കുന്നത്. രണ്ടുമിനിറ്റ് കൊണ്ട് സ്വന്തം സ്കൂളിലേക്ക് എത്തിയിരുന്ന യു.പി സ്കൂൾ വിദ്യാർഥികളടക്കമുള്ളവർക്ക് മറുഭാഗത്തെത്താൻ അരമണിക്കൂറോളം സമയം ചുറ്റണം. അടിപ്പാതക്കായി വിവിധ സമരമാര്‍ഗങ്ങള്‍ നടത്തിയ നാട്ടുകാര്‍ ആശങ്കയില്‍ കഴിയുമ്പോള്‍ ഉത്തരം നല്കാന് ജനപ്രതിനിധികള്‍ക്കും കഴിയുന്നില്ല.
കോട്ടക്കൽ: ദേശീയപാത വികസന ഭാഗമായി മാറാക്കര ഗ്രാമ പഞ്ചായത്ത് റോഡിലേക്ക് മലിനജലം ഒഴുക്കിവിടുന്നതിനെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത് നാട്ടുകാർ. ആറുവരി കടന്നു പോകുന്ന രണ്ടത്താണിയിൽ ഒന്നാം വാർഡിന്റെയും 20ാം വാർഡിന്റെയും ഭാഗമായ അയൂബ് ഖാൻ റോഡിലേക്ക് മലിനജലം ഒഴുകിയെത്തുന്നത്. വികസന ഭാഗമായി നിർമിച്ച അഴുക്കുചാൽ വഴിയാണ് അമ്പതോളം കുടുംബം താമസിക്കുന്ന ഭാഗത്തേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്. വേനൽമഴയെ തുടർന്ന് കിണറുകളിലേക്ക് മലിനജലമെത്തിയതോടെ നിലവിൽ ആശങ്കയിലാണ് നാട്ടുകാർ.
റെസ്പോണ്ടൻറ്സ് കൗണ്ടർ ഫയൽ ചെയ്യാൻ സമയം ആവശ്യപ്പെട്ട കോടതി വേനൽ അവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. വർഷങ്ങളായി അയൂബ് ഖാൻ റോഡ് നിവാസികൾ അനുഭവിക്കുന്ന ദുരിതം അഴുക്കുചാൽ നിർമാണം കാരണം കൂടുതൽ രൂക്ഷമായി. പരിഹാരത്തിനായി ജനപ്രതിനിധികൾ, കലക്ടർ തുടങ്ങിയവരെ സമീപിച്ചെങ്കിലും പരിഹാരമാകാത്ത സാഹചര്യത്തിലാണ് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.