കോട്ടക്കൽ: മഴക്കൊപ്പം കാറ്റൊന്ന് ആഞ്ഞുവീശിയാൽ മതി ഒറ്റമുറി വീട്ടിൽ ഷീറ്റുകൊണ്ടു മറച്ച വീട്ടിൽനിന്ന് ബിരുദധാരിയായ വിദ്യാർഥിനിയും അസുഖബാധിതരായ രക്ഷിതാക്കളും പെരുവഴിയിലാകും. അത്രമാത്രം ദുരിതത്തിലാണ് കോട്ടക്കലിന് സമീപം പറപ്പൂർ പഞ്ചായത്തിലെ കിഴക്കേകുണ്ട് സ്വദേശി പൈക്കാട്ടുകുണ്ടിൽ വേലായുധൻ (60), ഭാര്യ ലീല, മകൾ ആതിരയും കഴിയുന്നത്.
20 വർഷം മുമ്പ് വാങ്ങിയ നാല് സെൻറ് ഭൂമിയിലെ ഓടുമേഞ്ഞ വീട്ടിലാണ് കുടുംബത്തിെൻറ താമസം. ചുമരുകൾ കളി മണ്ണു കൊണ്ടുണ്ടാക്കിയതാണ്. ഓരോ വർഷവും വീടിന് കേടുപാട് സംഭവിച്ചതോടെ കൂലി പണിക്കാരനായ വേലായുധനും നിരായുധനായി.
ഇതിനിടയിൽ ടി.ബി രോഗവും പിന്നാലെ ശ്വാസമുട്ടലുലും പിടിപ്പെട്ടു. ഏക മകൾ ആതിരയുടെ തുടർ വിദ്യാഭ്യാസം പോലും തടസ്സപ്പെടുമെന്നായപ്പോൾ ലീല മറ്റു വീടുകളിൽ ജോലി ചെയ്താണ് കുടുംബം നോക്കുന്നത്. കാലുകൾക്ക് ബലക്ഷയം വന്നതോടെ വേദന സഹിച്ചാണ് ജോലിക്കായി പോകുന്നത്. നല്ലയൊരു ജോലി കിട്ടുന്നതുവരെ മകളുടെ പഠിപ്പ് മുടങ്ങാതിരിക്കാൻ രാവിലെ ഏഴരയോടെ വീട്ടിൽനിന്ന് ലീല ഇറങ്ങും. വൈകീട്ട് അഞ്ചുമണിയോടെയാണ് മടക്കം. ഈ ദുരിതങ്ങൾക്ക് മേലെയാണ് ഇടിത്തീ പോലെ വീടിെൻറ തകർച്ചയും.
പ്രാരാബ്ധങ്ങൾക്കിടയിലും കോട്ടക്കൽ ഫാറൂഖ് കോളജിൽ ബി.എഡ് പൂർത്തിയാക്കിയ ആതിര എം.എ ഇംഗ്ലീഷ് ഒന്നാംവർഷ വിദ്യാർഥിനിയാണ്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലാണ് പഠനം. സുഹൃത്തുക്കൾ ധാരാളമുണ്ടെങ്കിലും തെൻറയും കുടുംബത്തിെൻറയും ദുരിതം ആരോടും പറയാതെയായിരുന്നു പഠനകാലം.
ഇനിയും മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമായതോടെയാണ് മുന്നോട്ടുവന്നത്. ദുരിതം മനസ്സിലാക്കിയ ഐഡിയൽ റിലീഫ് വിങ് (ഐ.ആർ.ഡബ്ല്യൂ) കോട്ടക്കൽ ഗ്രൂപ് ലീഡർ സലീം എടയൂർ, സുനിൽ കൂരിയാട്, കെ. അബ്ദുൽ കരീം എൻജിനീയർ, കെ.വി. ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മേൽക്കൂര മറച്ചിരിക്കുകയാണ്. 2020 ഡിസംബറിൽ ലൈഫ് മിഷനിൽ അപേക്ഷ നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല. അടച്ചുറപ്പുള്ള വീട്ടിൽ സമാധാനത്തോടെ കഴിയണം, അതുമാത്രമാണ് 12 വാർഡിൽ കഴിയുന്ന ഈ കുടുംബത്തിെൻറ ഏക ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.