കോട്ടക്കല്‍: ജല്‍ജീവന്‍ പദ്ധതിക്കായി നിയമവിരുദ്ധമായി കടന്നുകയറി സ്വകാര്യറോഡ് പൊളിച്ച് വലിയ പൈപ്പുകള്‍ സ്ഥാപിച്ചെന്ന് പരാതി. വാളക്കുളം മേലെ കോഴിച്ചെന സ്വദേശി പി.കെ. മുഹമ്മദ് ഷാഫിയുടെ ഭാര്യ ഫെബിന ഷാഫിയാണ് എടരിക്കോട് പഞ്ചായത്തിനെതിരെ കലക്ടർ അടക്കമുളളവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. വില്ലേജിൽ വര്‍ഷങ്ങളായി നികുതി അടക്കുന്ന പത്തൂർ സേക്രഡ് സ്കൂൾ റോഡിലാണ് സംഭവം.
കോട്ടക്കല്‍ സേക്രഡ് ഹാര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് ഗതാഗതം നടത്താന്‍ ഈസ്മെന്ററി റൈറ്റുമുള്ള വസ്തുവില്‍ 16,00,000 രൂപ ചെലവു ചെയ്ത് ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയതാണ്. ഭൂമി പഞ്ചായത്തിന്റെയോ സര്‍ക്കാരിന്റെയോ ഉടമസ്ഥതയിലുള്ളതോ കൈവശത്തിലുള്ളതോ അല്ലെന്നാണ് വിവരാവകാശരേഖയില്‍ പറയുന്നത്. പഞ്ചായത്തിന് യാതൊരു ഉടമസ്ഥാവകാശവും ഇല്ലെന്നുമാണ് കാണിക്കുന്നത്.
പരാതിയോടൊപ്പം ഇവയും നികുതി അടവാക്കിയ നികുതി രസീതും ഹാജരാക്കിയിട്ടുണ്ട്. സ്കൂള്‍ ബസ് ഓടുന്ന റോഡ് അപകടകരമായ അവസ്ഥയിലായതോടെ കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാണെന്നും പരാതിയില്‍ പറയുന്നു. 20,00,000 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായും പൈപ്പുകള്‍ മാറ്റി റോഡ് പൂർവസ്ഥിതിയിലാക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. പഞ്ചായത്ത് സെക്രട്ടറി, കരാറുകാരന് എന്നിവര്‍ക്കെതിരെയാണ് പരാതി. സംസ്ഥാന പൊലീസ് മേധാവി, തദ്ദേശസ്വയംഭരണവകുപ്പ് ജല്‍ ജീവന് മിഷന് മാനേജിങ് ഡയറക്ടര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
കോട്ടക്കല്‍: ജല്‍ജീവന്‍ പദ്ധതിക്കായി പൊളിച്ച റോഡ് സ്വകാര്യവ്യക്തിയുടെതല്ലെന്ന് എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ മണമ്മല്‍ പറഞ്ഞു. പത്തൂര്‍ സേക്രഡ് റോഡ് പഞ്ചായത്തിന്റെ അധീനതയിലുളളതാണ്. നിയമവിരുദ്ധമായി കടന്നുകയറിയതല്ല. പരാതിക്കാര്‍ കോടതിയില്‍ തെളിയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.