കോട്ടക്കൽ: ദേശീയപാതയുടെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനിടെ വിള്ളല്‍ രൂപപ്പെട്ട സ്ഥലം ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. എടരിക്കോട് പഞ്ചായത്തിലെ പത്താം വാർഡ് ഉൾപ്പെടുന്ന ചെരിച്ചിയിൽ, ബൈപാസ് നിർമാണം നടക്കുന്ന പാതയോട് ചേർന്ന ചെങ്കൽ റോഡിൽ വിള്ളൽ രൂപപ്പെട്ടത് കഴിഞ്ഞദിവസം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ഉച്ചക്ക് ഒന്നരയോടെയാണ് എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലീൽ മണമ്മൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സക്കീന പതിയിൽ, വില്ലേജ് ഓഫിസർ സജീവൻ, ഓവർസിയർ രമേശ്, അസിസ്റ്റന്റ് സെക്രട്ടറി സാബു എന്നിവരടങ്ങുന്ന സംഘം പ്രദേശത്തെത്തിയത്.
വിള്ളൽ വന്ന ഭാഗങ്ങൾ കുടുംബങ്ങൾ അധികൃതർക്ക് കാണിച്ചുകൊടുത്തു. സമീപത്തെ മൂന്ന് വീടുകൾക്കും കുഴൽ കിണറുകൾക്കും കേടുപാടുകൾ സംഭവിച്ചതായും അധികൃതർ കണ്ടെത്തി. തിരൂരങ്ങാടി തഹസിൽദാർ സാദിഖും വൈകീട്ട് മൂന്നോടെ സ്ഥലത്തെത്തി. മങ്ങാട്ടിൽ ഹവ്വ ഉമ്മ, അനീഷ്, കുന്നത്തുംപടിയിൽ മുഹമ്മദ് കുട്ടി എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്.
ഈ വീടുകളും ഉദ്യോഗസ്ഥ-ജനപ്രതിനിധികൾ സന്ദർശിച്ചു. പരിസ്ഥിതി ആഘാതപഠനം നടത്താതെ വ്യാപകമായി വയൽ നികത്തിയും ശുദ്ധജലക്ഷാമം രൂക്ഷമാക്കി പതിനഞ്ച് മീറ്ററിലധികം ആഴത്തിൽ കുഴിച്ചുമാണ് പാത നിർമിക്കുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.
പരിശോധന റിപ്പോർട്ട് രണ്ട് ദിവസത്തിനകം ജില്ല കലക്ടർക്ക് കൈമാറും. കൂടുതൽ പരിശോധനക്കായി ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരെത്തും. ദേശീയപാത നിർമാണ അതോറിറ്റി വിഭാഗവും സ്ഥലം സന്ദർശിക്കും. പത്തിലധികം കുടുംബങ്ങള്‍ താമസിക്കുന്ന ഭാഗത്തെ ചെങ്കല്ല് പാതയിലാണ് രണ്ടരയടിയലിധികം നീളത്തിൽ വിള്ളല്‍ രൂപപ്പെട്ടത്. പാതയുടെ മറ്റൊരു വശത്തും സമാന സ്ഥിതിയാണ്. നിർമാണ പ്രവൃത്തികളുടെ ഭാഗമായാണ് ഈ പ്രതിഭാസമെന്നാണ് പ്രദേശത്തുകാര്‍ പറയുന്നത്.
എന്നാൽ, പ്രവൃത്തികളുടെ ഭാഗമായിട്ടല്ല എന്നാണ് ദേശീയപാത അതോറിറ്റി വ്യക്തമാക്കുന്നത്. ബൈപാസിനായി പാലച്ചിറമാട് മുതല്‍ ചിനക്കല്‍ വരെയുള്ള 4.6 കിലോമീറ്ററര്‍ ദൂരത്തില്‍ ആഴത്തിൽ മണ്ണെടുത്താണ് പാലങ്ങൾക്കുള്ള ബീമുകൾ നിര്‍മിച്ചിരിക്കുന്നത്. പാറ പൊട്ടിച്ചതും വൻതോതിൽ ഖനനം നടത്തിയതുമാണ് ഇത്തരമൊരു അവസ്ഥക്ക് കാരണമെന്നാണ് ആക്ഷേപം. വലിയ ആഴത്തില്‍ മണ്ണെടുത്തതോടെ ശുദ്ധജലക്ഷാമവും നേരിടുകയാണ്.
കോട്ടക്കൽ: വിള്ളൽ രൂപപ്പെട്ടതിന് പിന്നാലെ നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നത് കഴിഞ്ഞ ഒക്ടോബർ 11നുണ്ടായ ഭൂചലനമാണ്. ഇതിനെ തുടർന്നാണോ ഇപ്പോഴത്തെ പ്രതിഭാസമെന്ന ആധിയിലാണ് പലരും. തിരൂരങ്ങാടി താലൂക്കിൽ പറപ്പൂർ, എടരിക്കോട് വില്ലേജുകളിലും തിരൂർ താലൂക്കിൽ കോട്ടക്കൽ, പെരുമണ്ണ വില്ലേജുകളിലുമാണ് ശബ്ദത്തോട് കൂടി നേരിയ ഭൂചലനമുണ്ടായത്. അന്നും ആറുവരി പാതയുടെ നിർമാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട ശബ്ദമാണിതെന്ന് പ്രചാരണമുണ്ടായെങ്കിലും അധികൃതർ നിഷേധിച്ചു.
അന്നത്തെ തിരൂർ തഹസിൽദാർ മുരളിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ വി.ആർ. പ്രേംകുമാറിന്റെ നിർദേശപ്രകാരം ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തിയിരുന്നു. നേരിയ ഭൂചലനമാണെന്നാണ് സ്ഥീരികരണം വന്നെങ്കിലും തീവ്രത കണക്കാക്കാൻ കഴിഞ്ഞില്ല. വീടുകളിൽ വിള്ളലോ, കിണറുകളിലെ വെള്ളത്തിന് മാറ്റമോ ഒന്നും കണ്ടെത്താനും സാധിച്ചില്ല. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഭൂചലനമുണ്ടായതായതായാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.