കോട്ടക്കൽ: തോരാതെ പെയ്ത മഴയിലും ആയുർവേദാചാര്യന് വിടയേകാൻ ഒഴുകിയെത്തിയത് നൂറുകണക്കിനാളുകൾ. കോവിഡ് മാനദണ്ഡം നിലനിൽക്കുമ്പോഴും എല്ലാ വഴികളും കോട്ടക്കലിലേക്ക് നീണ്ടു. ആചാര്യനോടുള്ള ഹൃദയവായ്പിെൻറ നേർചിത്രമായിരുന്നു മഴ നനഞ്ഞെത്തിയവരുടെ നിറഞ്ഞ മിഴികൾ. ഭൗതികശരീരം ഒരു നോക്ക് കാണാൻ നഗരസഭ ഓഫിസിന് സമീപത്തെ കൈലാസ മന്ദിരത്തിലാണ് സൗകര്യമൊരുക്കിയിരുന്നത്.
സമീപത്തെ ഫ്ലാറ്റുകളിലും ആര്യവൈദ്യശാല കെട്ടിടങ്ങളിലും അന്ത്യോപചാരമർപ്പിക്കാൻ ജനം തിങ്ങിനിറഞ്ഞു. ആയിരങ്ങൾക്ക് മരുന്നും മന്ദസ്മിതവുമായി ആശ്വാസം പകർന്ന ആ മഹാമനീഷി കൈലാസത്തിലെ നടുമുറ്റത്തിന് സമീപത്തെ മുറിയിൽ നിശ്ചലനായി കിടന്നു.
ലോകരാജ്യങ്ങളിലെ ഭരണാധികാരികളും ഇന്ത്യയുടെ മുൻപ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരുമുൾപ്പെടെ പ്രമുഖർ സന്ദർശിച്ചതിെൻറ ഓർമ തുളുമ്പുന്ന നിരവധി േഫാട്ടോകൾ വിവിധ മുറികളിൽ കാണാമായിരുന്നു. സങ്കടം തളംകെട്ടിയ അന്തരീക്ഷത്തിൽ കുടുംബാംഗങ്ങളും ബന്ധുക്കളും തേങ്ങലടക്കി. കൈലാസ മന്ദിരത്തിലെ പൂമുഖത്ത് വൈകീട്ട് നാലോടെ ഔദ്യോഗിക ബഹുമതി നൽകാൻ പൊലീസ് സേന അണിനിരന്നു.
നേത്രദാനമുണ്ടായിരുന്നതിനാൽ അരമണിക്കൂർ അതിനായി ചെലവഴിച്ചു. തുടർന്ന് ഒൗദ്യോഗിക ബഹുമതിക്ക് ശേഷം, മറ്റ് ചടങ്ങുകൾ നടത്തി ആംബുലൻസിൽ നായാടിപ്പാറയിലെ പാണ്ടോടി കുടുംബ ശ്മശാനത്തിലേക്ക്. ആറോടെ മകൻ ഡോ. കെ. ബാലചന്ദ്രൻ ചിതക്ക് തീകൊളുത്തി. ഒരു പുരുഷായുസ്സ് മുഴുവൻ ആയുർവേദത്തിനും സഹജീവി സ്നേഹത്തിനും നീക്കിവെച്ച ആ വലിയ മനസ്സിെൻറ ഉടമ നീറുന്ന ഒാർമയായി.
അർബുദത്തിനും ആയുർവേദത്തിലൂടെ ശമനം
കോട്ടക്കൽ: പതിറ്റാണ്ടുകൾ നീണ്ട പ്രയത്നത്തിലൂടെ ഡോ. പി.കെ വാര്യർ ആരംഭിച്ച അർബുദ രോഗചികിത്സ ഒ.പി നിരവധി പേർക്ക് ആശ്വാസമായി. ആയുര്‍വേദത്തിലെ സര്‍ഗസംവാദങ്ങളില്‍ സാക്ഷിയും പങ്കാളിയുമാകാന്‍ ഒട്ടേറെ യാത്രകള്‍ ചെയ്തതിെൻറ ഫലമായാണ് അദ്ദേഹം ഈ ചികിത്സരീതി വിഭാവനം ചെയ്തത്. എളിമയായിരുന്നു വാര്യരുടെ മുഖമുദ്ര. മുന്നിലെത്തുന്നവരോട് അസുഖവിവരങ്ങൾ ചോദിച്ചറിയുകയെന്നത് കുടുംബ വിവരങ്ങൾ അന്വേഷിക്കുന്നത് പോലെയായിരുന്നു. ഒാരോ രോഗിയുടേയും മനോഗതമറിഞ്ഞ ശേഷമായിരുന്നു മരുന്ന് കുറിക്കൽ. ചികിത്സക്കായി പഠിച്ചതിന് പുറമെ മറ്റ് പൊടിക്കൈകളും ചേർത്തായിരുന്നു മറുമരുന്ന് നൽകിയിരുന്നത്.
കോട്ടക്കലിനെ ലോകഭൂപടത്തിലേക്ക് ഉയർത്തിയ കുലപതി
കോട്ടക്കലിെൻറ പെരുമ ദേശാന്തരങ്ങളിലെത്തിച്ച ചരിത്ര മൂർത്തികളാണ് മനോരമ തമ്പുരാട്ടിയും ആര്യവൈദ്യശാല സ്ഥാപകൻ വൈദ്യരത്നം പി.എസ്. വാര്യരും പത്മഭൂഷൺ ഡോ. പി.കെ. വാര്യരും ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ച നാമമാണ് കോട്ടക്കൽ. അതിലേക്ക് കൈപിടിച്ചുയർത്തിയ വ്യക്തിത്വമായിരുന്നു ഡോ. പി.കെ വാര്യരുടേത്. ആയുർവേദത്തിെൻറ പ്രസക്തി ഓരോ കാലഘട്ടത്തിലും വർധിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അറബ് രാഷ്ട്രങ്ങൾക്ക് പുറമെ ഇതര രാജ്യങ്ങളിൽ നിന്നുപോലും ചികിത്സ തേടി ആയുർവേദ നഗരത്തിലേക്ക് നൂറുകണക്കിന് പേർ എത്തുന്നു. ഒാരോ രോഗിയും പി.കെ. വാര്യർ എന്ന ആയുർവേദ ഭിഷഗ്വരനെ തേടിയെത്തുകയായിരുന്നുവെന്ന് പറയാം. പതിറ്റാണ്ടുകൾക്കിപ്പുറം ആയുർവേദത്തിെൻറ ശാഖകൾ കോട്ടക്കലിന് പുറമെ ഇതര നഗരങ്ങളിൽ കൂടി പ്രവർത്തനസജ്ജമായി.
ഇന്ന് കാണുന്ന കോട്ടക്കലിെൻറ പെരുമ ദേശാന്തരങ്ങളിലെത്തിച്ച ചരിത്ര മൂർത്തികളാണ് മനോരമ തമ്പുരാട്ടിയും ആര്യവൈദ്യശാല സ്ഥാപകൻ വൈദ്യരത്നം പി.എസ്. വാര്യരും പത്മഭൂഷൺ ഡോ. പി.കെ. വാര്യരും. കേരളത്തിൽ വൈജ്ഞാനിക രംഗത്തും പൊതുസമൂഹത്തിലും പുരുഷാധിപത്യം വാണിരുന്ന പതിനൊന്നാം നൂറ്റാണ്ടിൽ സ്വന്തം ധിഷണകൊണ്ട് പണ്ഡിത വരേണ്യവർഗത്തെ പിന്തള്ളി അഗ്രിമ സ്ഥാനം അലങ്കരിച്ച വിദുഷിയാണ് മനോരമ തമ്പുരാട്ടി. കാലത്തിന് മുമ്പേ നടന്ന മഹാനായാണ് പി.എസ്. വാര്യർ അറിയപ്പെടുന്നത്. ഡോ. പി.കെ. വാര്യർ ജാതി-മത-വർഗ ഭേദമില്ലാതെ എല്ലാവരെയും സമഭാവനയോടെ വീക്ഷിക്കുന്ന മഹാമനുഷ്യത്വമായിരുന്നു. ഏഴു ദശകത്തോളം വലിയ സ്ഥാപനത്തിെൻറ തലപ്പത്തിരുന്ന് ഒരു അപശ്രുതിയുമില്ലാതെ സ്ഥാപനത്തെ വികസന പാതയിലേക്ക് നയിച്ച വ്യക്തിപ്രഭാവമായിരുന്നു അത്.
കോട്ടക്കൽ രാജാസ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ ഗാന്ധിത്തൊപ്പിയിട്ട് ക്ലാസിൽ ഇരുന്നതിെൻറ പേരിൽ ശിക്ഷിക്കപ്പെട്ടതാണ് അദ്ദേഹത്തിെൻറ പൊതുപ്രവർത്തനത്തിെൻറ ആദ്യപാഠം. ആയുർവേദം ശാസ്ത്രീയമായി പഠിക്കണമെന്ന ഇ.എം.എസിെൻറ ഉപദേശമാണ് ആയുർവേദ കോളജിൽ പഠിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മരുന്നുൽപാദനം, ആയുർവേദ പ്രസിദ്ധീകരണങ്ങൾ, സെമിനാറുകൾ, ആയുർവേദ ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങി സർവതോന്മുഖ വികസനമാണ് അദ്ദേഹത്തിെൻറ മേൽനോട്ടത്തിൽ ആര്യവൈദ്യശാല നേടിയത്. ആര്യവൈദ്യശാലക്കൊപ്പം കോട്ടക്കൽ നഗരവും വളർന്നു. സമാന്തരമായി ചെറുതും വലുതുമായ ആയുർവേദ സ്ഥാപനങ്ങൾ ഉയർന്നുവന്നു. ഇതോടെ ആധുനിക നഗരമായി കോട്ടക്കൽ മാറി. ഫർണിച്ചർ, ടെക്സ്റ്റൈൽസ്, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയ വ്യാപാര മേഖലകൾ അതിവേഗം വളർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.