കോട്ടക്കൽ: പറിച്ചുനട്ട എടരിക്കോട്ടെ തപാൽ ഓഫിസ് വർഷങ്ങൾക്കുശേഷം നാട്ടുകാർക്ക് തിരികെ ലഭിച്ചു. ഗ്രാമപഞ്ചായത്ത് ഓഫിസിന് മുൻവശത്ത് 450 അടി ചതുരശ്രയടി വിസ്തീർണത്തിലുള്ള കെട്ടിടത്തിന്റെ മുകൾ നിലയിലാണ് പുതിയ കേന്ദ്രം പ്രവർത്തനമാരംഭിച്ചത്. രണ്ടുമുറി, ശുചിമുറി, വരാന്ത എന്നിവ ഉൾപ്പെട്ടതാണ് കെട്ടിടം. കോട്ടക്കൽ സബ്ഡിവിഷന് കീഴിൽ പ്രവർത്തിക്കുന്ന ഓഫിസിൽ പോസ്റ്റ് ഓഫിസർ, രണ്ട് പോസ്റ്റ് മാൻ എന്നിവരുടെ സേവനം ലഭിക്കും. ഒമ്പതിനായിരം രൂപയാണ് മാസവാടക. അഞ്ചുവർഷത്തേക്കാണ് ഉടമയുമായി കരാർ ഏർപ്പെട്ടിട്ടുള്ളത്.
അഞ്ചുവർഷം മുമ്പാണ് തിരൂർ റോഡിൽ പ്രവർത്തിച്ചിരുന്ന ജീർണാവസ്ഥയിലായിരുന്ന വാടക കെട്ടിടം പൊളിച്ചുമാറ്റിയത്. ഇതോടെ എടരിക്കോട്ടുകാർ മേൽവിലാസമില്ലാത്തവരായി. പിന്നീട് പരിമിതമായ സൗകര്യത്തോടെ കോട്ടക്കൽ തപാൽ കേന്ദ്രത്തിലായിരുന്നു പ്രവർത്തനം. സ്ഥിരമായി ഒരു ഓഫിസ് സംവിധാനം ഇല്ലാതായി. എടരിക്കോട്, പെരുമണ്ണ ക്ലാരി, കുറ്റിപ്പാല, പുതുപ്പറമ്പ് ബ്രാഞ്ചുകൾ ഉൾപ്പെട്ടതാണ് കേന്ദ്രം. ഇവിടെയുള്ള മുതിർന്ന പൗരൻമാർ അടക്കമുള്ളവർ ഏറെ പ്രയാസമാണ് അനുഭവിച്ചിരുന്നത്. മൂന്നര കിലോമീറ്റർ ദൂരെയുള്ള കോട്ടക്കൽ പോസ്റ്റ് ഓഫിസിൽ പ്രവർത്തിക്കുന്ന എടരിക്കോട് പോസ്റ്റ് ഓഫിസിലേക്ക് യാത്രേക്ലേശവും പ്രതിസന്ധി തീർത്തു. ചെറിയ വാടകയിനത്തിൽ കെട്ടിടം നൽകാൻ ഉടമകൾ തയാറാകാത്തതാണ് കേന്ദ്രത്തിന് തിരിച്ചടിയായത്.
ടൗൺ പരിസരത്ത് ഓഫിസ് കെട്ടിടം കണ്ടെത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും ക്ലബുകളും രംഗത്തെത്തിയിരുന്നു.
1980ൽ 150 രൂപ വാടക നൽകിയായിരുന്നു തുടക്കം. പിന്നീട് 1000 രൂപയാക്കി ഉയർത്തി. വനിതകളടക്കം പത്തുപേരാണ് കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. എടരിക്കോട്ടുകാർ മേൽവിലാസമില്ലാത്തവരാകുന്നു എന്ന തലക്കെട്ടിൽ 'മാധ്യമം' വാർത്ത നൽകിയതോടെ എം.പി, എം.എൽ.എ, ഗ്രാമപഞ്ചായത്ത് ഭരണസമിതി എന്നിവർ വിഷയത്തിൽ ഇടപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.