കോട്ടക്കൽ: കോട്ടക്കൽ മണ്ഡലത്തിലെ വൈദ്യുതി രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു. മണ്ഡലത്തിലെ വൈദ്യുതി രംഗത്തെ വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ച് കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. 11 കെ.വി ഫീഡർ പ്രശ്നങ്ങളും വോൾട്ടേജ് പ്രശ്നങ്ങളും പരിഹരിക്കാൻ കാടാമ്പുഴ-മരവട്ടം സബ്സ്റ്റേഷൻ നിർമാണം ഉടനെ പൂർത്തിയാക്കണം. കാടാമ്പുഴ-മരവട്ടം 110 കെ.വി സബ് സ്റ്റേഷന് ഭൂമി ഏറ്റെടുക്കൽ നടപടി ത്വരിതപ്പെടുത്തി പദ്ധതിയുടെ ടെൻഡർ നടപടികൾ വേഗത്തിലാക്കണം എന്നിവയാണ് ആവശ്യങ്ങൾ.
2016ൽ ഉത്തരവായ ഇന്ത്യനൂർ സെക്ഷൻ ഉടൻ രൂപവത്കരിക്കണമെന്ന് നഗരസഭ ചെയർപേഴ്സൻ ബുഷ്റ ഷബീർ യോഗത്തിൽ ആവശ്യപ്പെട്ടു. മൂന്ന് വർഷത്തേക്ക് സൗജന്യമായി കെട്ടിടം ലഭ്യമാണെന്ന കെട്ടിട ഉടമയുടെ രേഖമൂലമുള്ള സമ്മതം ലഭിച്ചിട്ടുള്ളതാണ്. എന്നാൽ, ആറ് വർഷത്തേക്ക് സൗജന്യ കെട്ടിടം ലഭിക്കുകയാണെങ്കിൽ പുതിയ സെക്ഷൻ രൂപവത്കരിക്കാമെന്നാണ് ബോർഡ് തീരുമാനം. ജനങ്ങൾക്ക് സൗകര്യപ്രദമാകും വിധം ഇരിമ്പിളിയം കേന്ദ്രീകരിച്ച് വൈദ്യുതി സെക്ഷൻ യാഥാർഥ്യമാക്കണമെന്ന് ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ ആവശ്യപ്പെട്ടു. വൈദ്യുതി രംഗത്തെ അടിസ്ഥാന പ്രശ്നങ്ങൾ സംബന്ധിച്ചും മരവട്ടം 110 കെ.വി. സബ് സ്റ്റേഷൻ ഭൂമി ഏറ്റെടുക്കൽ ത്വരിതപ്പെടുത്തുന്നതിനായും കെ.എസ്.ഇ.ബി, റവന്യു ഭൂമി ഏറ്റെടുക്കൽ വിഭാഗം എന്നിവയുടെ സംയുക്ത യോഗം വിളിച്ച് ചേർക്കാൻ യോഗത്തിൽ തീരുമാനിച്ചു. മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത, ഒ.പി. കുഞ്ഞിമുഹമ്മദ്, കെ.പി. ഷരീഫ ബഷീർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.