കോട്ടക്കൽ: സംസ്ഥാന നേതൃത്വം പാർട്ടിയിൽനിന്ന് പുറത്താക്കിയ പ്രാദേശിക വനിത നേതാവിന് കോട്ടക്കൽ സഹകരണ ആശുപത്രിയിൽ ഡയറക്ടർ സ്ഥാനം നൽകിയതിനെത്തുടർന്ന് മുസ്ലിം ലീഗിൽ വിവാദം. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിമത സ്ഥാനാർഥിയായി മത്സരിച്ചതിന് പുറത്താക്കിയ ആലമ്പാട്ടിൽ റൈഹാനത്തിനാണ് സ്ഥാനം നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുവർഷം പൂർത്തിയാകുന്നതിന് മുമ്പാണ് കോട്ടക്കൽ മുസ്ലിം ലീഗ് കമ്മിറ്റിയിൽ വിഭാഗീയത രൂക്ഷമാകുന്നത്. ഡിവിഷൻ 32 ഖുർബാനി വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചത് കോൺഗ്രസിെൻറ സി. ഫസ്നയായിരുന്നു. പത്തുവർഷമായി കോൺഗ്രസ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന വാർഡാണിത്. സീറ്റ് നൽകാത്തതിന് പിന്നാലെ ലീഗിലെ ഒരുവിഭാഗത്തിെൻറ പിന്തുണയോടെ വനിത ലീഗ് ട്രഷറർ കൂടിയായ റൈഹാനത്ത് മത്സര രംഗത്തെത്തിയത് നേതൃത്വത്തെ ഞെട്ടിച്ചു. ശക്തമായ ത്രികോണ മത്സരം നടന്ന ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥി സനില പ്രവീൺ സീറ്റ് നിലനിർത്തുകയായിരുന്നു. യു.ഡി.എഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ൈറൈഹാനത്തിനെ സംസ്ഥാന -ജില്ല നേതൃത്വം പാർട്ടിയിൽനിന്ന് പുറത്താക്കിയതായും വാർഡ് ലീഗ് കമ്മിറ്റി പിരിച്ചുവിട്ടതായും പ്രഖ്യാപിച്ചത്. വിമത സ്ഥാനാർഥിയായതിെൻറ പിന്നിൽ ഒരുവിഭാഗം ലീഗ് നേതാക്കളുടെ രഹസ്യ പിന്തുണയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. അത് ശരിവെക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ നടപടി. കോട്ടക്കൽ സഹകരണ ആശുപത്രിയിൽ ഡയറക്ടറായി സ്ഥാനം നൽകിയതിന് പിന്നിലും ഇടപെടൽ നടന്നെന്ന ആരോപണം ശക്തമാണ്. മുസ്ലിം ലീഗ് നേതൃത്വമെടുത്ത തീരുമാനം പ്രാദേശിക നേതൃത്വം മറികടന്നെന്നാണ് ആരോപണം. കോൺഗ്രസ് നേതൃത്വവും അസംതൃപ്തരാണ്. അതേസമയം, വാർഡ് ലീഗ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നെന്നും പിന്നീട് പുറത്താക്കിയവരെ തിരിച്ചെടുക്കുന്നതിെൻറ ഭാഗമായി റൈഹാനത്ത് അടക്കമുള്ളവരെ തിരിച്ചെടുക്കുകയായിരുന്നെന്നും മുസ്ലിം ലീഗ് മുൻസിപ്പൽ ജനറൽ സെക്രട്ടറി സാജിദ് മങ്ങാട്ടിൽ പറഞ്ഞു. 13 അംഗങ്ങളുള്ള ബോർഡിൽ റൈഹാനത്തടക്കം മൂന്നുപേർ വനിതകളാണ്. തിങ്കളാഴ്ച ആദ്യ ഡയറക്ടർ ബോർഡ് യോഗം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.