കോട്ടക്കൽ: ഒരേ രൂപത്തിലും ഭാവങ്ങളിലും പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത ഇരട്ടസഹോദരങ്ങളാൽ സമ്പന്നമാണ് എടരിക്കോട് ഗവ. ക്ലാരി യു.പി സ്കൂൾ. ഡിവിഷൻ ഒന്ന് സിയിൽ ഒരു ജോഡി ഇരട്ടകളാണെങ്കിൽ അഞ്ചാം ക്ലാസ്സിൽ രണ്ട് ഡിവിഷനുകളിലായി പത്ത് കുരുന്നുകളാണ് ഇത്തവണ നവാഗതരായി എത്തിയിരിക്കുന്നത്. അഞ്ച് ബിയിൽ മൂന്ന് ജോഡിയും ആൺകുട്ടികളാണ്.
അഞ്ച് ഡിയിലാകട്ടെ ഇരട്ടകളിൽ രണ്ടുപേർ പെൺകുട്ടികളും മറ്റൊരു ജോഡി ആൺകുട്ടിയും പെൺകുട്ടിയുമാണ്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞെത്തിയ സഹോദരങ്ങൾ മറ്റു കുട്ടികൾക്കും കൗതുകമായി. സ്വയം പരിചയപ്പെടുത്തി ഹസ്തദാനം ചെയ്തായിരുന്നു ഇവരെ കുട്ടിക്കൂട്ടം എതിരേറ്റത്.
ക്ലാരി സൗത്തിലെ തൂമ്പത്ത് അബ്ദുൽ മുനീറിന്റെയും സുമയ്യയുടെയും മക്കളായ ഹയാൻ ഫസലും ഹസൻ ഫസലുമാണ് ഒന്നിൽ പഠിക്കുന്നവർ. ഇരുവരും ഇതേ സ്കൂളിൽ കെ.ജി പൂർത്തിയാക്കിയവരാണ്. സഹോദരൻ ഷാദില്‍ ഇതേ സ്കൂളിൽ ഏഴാതരം വിദ്യാർഥിയാണ്.
അഞ്ച് ബിയിൽ പഠിക്കുന്നത് എടരിക്കോട് അമ്പലവട്ടത്ത് താമസിക്കുന്ന തൃശൂർ സ്വദേശികളായ സന്തോഷിന്റെയും അധ്യാപികയായ സഖിയുടെയും മക്കളായ രാംദത്ത്, ശിവദത്ത്, ക്ലാരി സൗത്തിലെ കൊരട്ടിക്കൽ മോഹൻദാസ്-സുപ്രിയ എന്നിവരുടെ മക്കളായ ദേവദത്തൻ, ദേവനന്ദൻ, പുത്തൂർ പള്ളിമാലിൽ മജീദിന്റെയും ഹയറുന്നിസയുടെയും മക്കളായ മുഹമ്മദ് ലാജിബ്, മുഹമ്മദ് നാസിം എന്നിവരാണ്.
അഞ്ച് ഡിയിൽ ക്ലാരിയിലെ ചങ്ങണക്കാട്ടിൽ മുഹമ്മദ് അറഫാത്ത്-മുബശ്ശിറ എന്നിവരുടെ മക്കളായ ഹുസ്ന മെഹറിൻ, ഹംന അഫ്റിൻ, ചങ്ങണക്കാട്ടിൽ കുഞ്ഞഹമ്മദ്-ജംഷീറ എന്നിവരുടെ മക്കളായ മുഹമ്മദ് ദിൽഷാദ്,ദിൽഷ ഫാത്തിമ എന്നിവരാണ്.
ഇവർ നേരത്തെ ക്ലാരി എ.എം.എൽ.പി സ്കൂളിൽ ഒരുമിച്ച് പഠിച്ചവരായിരുന്നു. പുതിയ സ്കൂളിലും ഒരേ ക്ലാസിൽ ഇടം കിട്ടിയ ആഹ്ലാദത്തിലാണ് നാലംഗസംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.