കോട്ടക്കൽ: വിശ്വംഭര ക്ഷേത്രസന്നിധിയിൽ അരങ്ങേറിയ കുചേലവൃത്തം കഥകളി കാണാനായതിന്റെ നിർവൃതിയിൽ മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലും കുടുംബവും. കൈലാസമന്ദിരത്തിനോട് ചേർന്ന അരങ്ങിലെ ആട്ടവിളക്കിന് മുന്നിൽ ആടിത്തിമിർത്ത ശ്രീകൃഷ്ണന്റെയും കുചേലന്റെയും അഭിനയവൈഭവങ്ങൾ അവർ ഏറെ ആസ്വദിച്ചു.
ഭർത്താവ് ഡോ. ഡി.ആർ. ഷെഖാവത്ത്, മകൾ ജ്യോതി റാത്തോഡ് എന്നിവർക്കൊപ്പമായിരുന്നു പ്രതിഭ പാട്ടീൽ കഥകളി കാണാനെത്തിയത്. കൃഷ്ണനെയും കുചേലനെയും കഥകളിയിലൂടെ കൺനിറയെ കണ്ടതിന്റെ ആഹ്ലാദവും പങ്കുവെച്ചാണ് മുൻ രാഷ്ട്രപതി മടങ്ങിയത്. ഒരു മണിക്കൂറോളം അവർ കഥകളി കണ്ടു.
കോട്ടക്കൽ മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാര്യർ, ഡോ. കെ. മുരളീധരൻ, ട്രസ്റ്റി അംഗം കെ.ആർ. അജയ്, പി. രാജേന്ദ്രൻ, പി.എസ്. സുരേന്ദ്ര വാര്യർ, ഷൈലജ മാധവൻകുട്ടി, ഡോ. തുഷാര യു. മേനോൻ, ഡോ. കെ.വി. രാജഗോപാലൻ എന്നിവരും സദസ്സിൽ ഉണ്ടായിരുന്നു. കഴിഞ്ഞ 15നാണ് മുൻ രാഷ്ട്രപതിയും കുടുംബവും ആയുർവേദ ചികിത്സക്കായി കോട്ടക്കൽ ആര്യവൈദ്യശാലയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.