കോട്ടക്കൽ: ആരോഗ്യകരമായ സമൂഹത്തെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച പൊതുജനാരോഗ്യ സംരക്ഷണ ക്ലബായ മൾട്ടിപ്പിൾ എക്സർസൈസ് കോമ്പിനേഷൻ (മെക് സെവൻ) ഹെൽത്ത് ക്ലബ് പ്രവർത്തനം കോട്ടക്കലിലും. ഗവ. രാജാസ് എച്ച്.എസ്.എസ് മൈതാനത്താണ് പരിശീലനം.
മുൻ സൈനികനായ സലാഹുദീൻ കൊണ്ടോട്ടിയാണ് പദ്ധതിയുടെ മുഖ്യ ആസൂത്രികൻ. പട്ടാള ജീവിതത്തിലെ ആരോഗ്യസംരക്ഷണ അനുഭവ സമ്പത്തിനൊപ്പം ഏഴ് വ്യായാമമുറകളും ചേർത്താണ് പരിശീലനം. എയ്റോ ബിക്സ്, യോഗ, ബ്രീത്തിങ്, അക്യുപ്രഷർ, മെഡിറ്റേഷൻ, മസാജ്, ഫിസിയോതെറാപ്പി എന്നിങ്ങനെയാണ് വ്യായാമമുറകൾ. തീർത്തും സൗജന്യമായി നൽകുന്ന പരിശീലന പദ്ധതിയിൽ അഞ്ച് വയസ്സ് മുതൽ 80 വയസ്സുവരെയുള്ളവർക്ക് 21ൽപരം വിവിധ വ്യായാമങ്ങളാണ് പ്രായത്തിനും ശരീരഘടനക്കുമനുസരിച്ച് നൽകുന്നത്. ഇരുപത്തഞ്ചോളം പരിശീലകന്മാരുടെ മേൽനോട്ടത്തിൽ അഞ്ഞൂറോളം പേർ പങ്കെടുത്ത വ്യായാമത്തിലൂടെയായിരുന്നു തുടക്കം.
പ്രഫ. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയായിരുന്നു ഉദ്ഘാടനകൻ. കേരളത്തിലും വിദേശത്തുമായി ധാരാളം ശാഖകളുള്ള മെക് സെവൻ 212ാമത് യൂനിറ്റാണ് കോട്ടക്കലിലേത്. ദിവസവും രാവിലെ ആറു മുതൽ ആറര വരെയാണ് പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.