കോട്ടക്കൽ: കോട്ടക്കൽ നഗരസഭയിലെ ഒരു വാർഡിൽ മാത്രം അനർഹരായ 38 പേർ സാമൂഹിക സുരക്ഷ പെൻഷൻ കൈപ്പറ്റുന്നുവെന്ന് വ്യക്തമാക്കുന്ന ധനകാര്യ വകുപ്പ് റിപ്പോർട്ട് പുറത്ത്.
വർഷങ്ങളായി ബി.ജെ.പി ജയിക്കുന്ന ഏഴാം വാർഡിൽ പെൻഷൻ കൈപ്പറ്റുന്ന 42 പേരുടെ വീടുകളിൽ നടത്തിയ പരിശോധനയിലാണ് ഇവരിൽ 38 പേരും അനർഹരാണെന്ന് കണ്ടെത്തിയത്. പരാതിയിൽ ചൂണ്ടിക്കാണിച്ച 42 ഗുണഭോക്താക്കളുടെ വീടുകൾ സന്ദർശിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്.
ആരോപണങ്ങൾ ശരിവെക്കുന്ന റിപ്പോർട്ട് അതീവ ഗൗരവമുള്ളതാണ്. ഫീൽഡ് തല പരിശോധനയിൽ ഗുണഭോക്താക്കളിൽ ഭൂരിഭാഗവും വിവിധ കാരണങ്ങളാൽ സാമൂഹിക സുരക്ഷ പെൻഷന് അർഹരല്ലെന്നാണ് കണ്ടെത്തിയത്.
ശീതീകരിച്ച വീടുകളിൽ താമസിക്കുന്നവർ, ബി.എം.ഡബ്ല്യു-ഇന്നോവ കാറുകൾ ഉപയോഗിക്കുന്നവർ, സർവിസ്-കുടുംബ പെൻഷൻ വാങ്ങുന്നവർ, 2000 ചതുരശ്രയടിയിലധികം വിസ്തീർണമുള്ള വീടുള്ളവർ, വീടിന് പുറമെ മറ്റു കെട്ടിടങ്ങളുള്ളവർ, വീടിന്റെ ഒരു നില വാടകക്ക് നൽകിയവർ തുടങ്ങിയവരൊക്കെ അനർഹമായി പെൻഷൻ വാങ്ങുന്നുണ്ട്. ചിലരുടെ അടുത്ത ബന്ധുക്കൾക്ക് ജോലിയുണ്ട്.
മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പട്ടികയിൽ കടന്നുകൂടിയ 38 പേരുടെ പെൻഷൻ റദ്ദാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. തെറ്റായ വിവരം നൽകി പെൻഷൻ കൈപ്പറ്റിയവരിൽനിന്ന് മുഴുവൻ തുകയും തിരിച്ചുപിടിക്കാനുള്ള നടപടികളിലേക്ക് വകുപ്പ് കടക്കുമെന്നാണറിയുന്നത്.
അനർഹരെന്ന് കണ്ടെത്തിയ ഗുണഭോക്താക്കൾക്ക് പെൻഷൻ അനുവദിക്കുന്നതിനായി നഗരസഭയിൽ സമർപ്പിച്ച അപേക്ഷകളും അനുബന്ധ രേഖകളും പരിശോധനക്കായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഫയലുകൾ നഗരസഭ നൽകിയില്ലെന്നാണ് വിവരം.
അനർഹരായവർക്ക് പെൻഷൻ ലഭിക്കാൻ വരുമാന സർട്ടിഫിക്കറ്റ് അനുവദിച്ച റവന്യൂ ഉദ്യോഗസ്ഥർ വലിയ വീഴ്ചയാണ് വരുത്തിയത്. വരുമാന സർട്ടിഫിക്കറ്റ് അനുവദിച്ച റവന്യൂ ഉദ്യോഗസ്ഥരുടെ പങ്കും പെൻഷൻ അനുവദിച്ച ഉദ്യോഗസ്ഥരുടെ പങ്കും സംബന്ധിച്ച് വിജിലൻസ് സമഗ്രമായ പരിശോധന നടത്തണമെന്നാണ് റിപ്പോർട്ടിലെ മറ്റൊരു ശിപാർശ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.