കോട്ടക്കൽ: എന്നും നേരത്തേ കിടന്നുറങ്ങുന്ന കെൻസിന് അന്ന് നേരം ഒരുപാടായിട്ടും ഉറക്കം വന്നില്ല. തിരിഞ്ഞുംമറിഞ്ഞും കിടന്ന് ഉറങ്ങാൻ നോക്കുമ്പോഴും പിതാവിന്റെ ഓട്ടോ താഴ്ചയിലേക്ക് മറിയുന്നതും കേടുപാടുകൾ പറ്റിയതുമാണ് ആ കുഞ്ഞു മനസ്സുനിറയെ. രാത്രി പത്തരയോടെ എണീറ്റ അവൻ സുന്നത്ത് ചടങ്ങിനും അല്ലാതെയുമായി തനിക്ക് കിട്ടിയ പണം ഇട്ടുവെച്ച സമ്പാദ്യക്കുടുക്ക പിതാവിന്റെ കൈയിൽ ഏൽപിച്ചിട്ട് പറഞ്ഞു, താൻ കാരണം മറിഞ്ഞ വാഹനത്തിന്റെ കേടുപാടുകൾ മാറ്റണം. അതു പറയുമ്പോൾ അവന്റെ ഉള്ളം നിറഞ്ഞിരുന്നു, അതുകേട്ട പിതാവ് അബ്ദുൽ നാസറിന്റെയും.
കോട്ടക്കൽ അരിച്ചോളിലാണ് ആശങ്കയും പിന്നീട് ആഹ്ലാദവും നിറത്ത സംഭവം നടന്നത്. കോട്ടക്കൽ ഗോൾഡൻ സ്കൂൾ കെ.ജി വിദ്യാർഥിയായ കെൻസാണ് കുഞ്ഞുമനസ്സിൽ വലിയ കാര്യങ്ങളുമായി സ്നേഹം പകർന്നത്. ചെട്ടിയാംതൊടി അബ്ദുൽ നാസറിന്റെ മകൻ മുഹമ്മദ് കെൻസ് വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയിൽ കയറിയതിന് പിന്നാലെ അബദ്ധത്തിൽ മുന്നോട്ട് നീങ്ങി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വണ്ടി മുന്നോട്ട് നീങ്ങുന്നതിനിടെ കെൻസ് ചാടി രക്ഷപ്പെട്ടിരുന്നു. വീട്ടിലുണ്ടായിരുന്ന നാസറിനെ വിവരമറിയിച്ചുവെങ്കിലും വാഹനം താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. പരിക്കേൽക്കാതെ മകൻ രക്ഷപ്പെട്ടല്ലോയെന്ന ആശ്വാസത്തിലായിരുന്നു വീട്ടുകാർ. എന്നാൽ, കുഞ്ഞു കെൻസിനിത് വലിയ സങ്കടമായി. വാഹനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചതോടെ ഉറക്കം നഷ്ടപ്പെട്ട അവൻ രാത്രി എണീറ്റ് തന്റെ സമ്പാദ്യക്കുടുക്ക പിതാവിന് കൊടുക്കുകയായിരുന്നു. കുഞ്ഞു മനസ്സിലെ നല്ല കാര്യം അറിഞ്ഞതോടെ കെൻസിനെ സ്കൂൾ അധ്യാപകർ അനുമോദിച്ചു. പിതാവ് അബ്ദുൽ നാസർ ഇതേ സ്കൂളിലെ ഡ്രൈവറും മാതാവ് ഷാഹിദ കെ.ജി അധ്യാപികയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.