കോട്ടക്കൽ: കോവിഡ് പിടിതരാതെ മുന്നേറുമ്പോൾ ശാശ്വത പരിഹാരം കാണാൻ വ്യത്യസ്ത ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ഒതുക്കുങ്ങൽ പഞ്ചായത്ത് ഭരണസമിതി. ഒതുക്കുങ്ങലിൽ വിവാഹം, മറ്റ് ആഘോഷ ചടങ്ങുകൾ നടത്തുന്നവർക്ക് ആൻറിജൻ പരിശോധന നിർബന്ധമാക്കിയാണ് വ്യത്യസ്ത മാതൃക പ്രവർത്തനം. ചടങ്ങ് നടക്കുന്ന കുടുംബത്തിലെ അംഗങ്ങൾ മുഴുവനും കോവിഡ് നെഗറ്റിവാണെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്നാണ് നിർദേശം.
വിവാഹം നടക്കുന്ന വീടുകളിൽ 48 മണിക്കൂറിനുള്ളിൽ പഞ്ചായത്തിെൻറ മൊബൈൽ ആൻറിജൻ വാഹനമെത്തും. വീട്ടിലുള്ളവരേയും പ്രദേശത്തുകാരേയുമാണ് പരിശോധിക്കുക. ഇത്തരത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന 180ഓളം പരിശോധനയിൽ ഒരാൾക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിലുള്ളവർക്കാണ് പോസിറ്റിവെങ്കിൽ പി.പി കിറ്റും മറ്റുള്ളവർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമാണ് ചടങ്ങിൽ പങ്കെടുക്കേണ്ടത്. കോട്ടക്കൽ പൊലീസിെൻറ നിർദേശമനുസരിച്ചാണ് നടപടികൾ.
പഞ്ചായത്തിെൻറ വർധിച്ചുവരുന്ന ടി.പി.ആറിനെ പിടിച്ചുകെട്ടുക എന്നതാണ് പദ്ധതി ലക്ഷ്യമെന്ന് പ്രസിഡൻറ് കടമ്പോട് മൂസ അറിയിച്ചു. ലക്ഷണം ഇല്ലാത്ത രോഗവാഹകരെ കൂടി കണ്ടെത്തി രോഗനിർണയം നടത്തുക എന്നതാണ് മറ്റൊരു ലക്ഷ്യം. പഞ്ചായത്ത് കോവിഡ് കോർ കമ്മിറ്റി നിർദേശിച്ച തീരുമാനം ജനങ്ങൾക്കിടയിൽ സ്വീകാര്യത നേടിക്കഴിഞ്ഞു. കഴിഞ്ഞ 19ന് നടന്ന പഞ്ചായത്ത് ഭരണസമിതി നിർദേശം അംഗീകരിക്കുകയായിരുന്നു.
വിവിധ സ്ഥലങ്ങളിൽ ജനപ്രതിനിധികളായ എ.കെ. ഖമറുദ്ദീൻ, കങ്കാളത്ത് ഫൈസൽ, എം.സി. കുഞ്ഞിപ്പ, കൊറാടാൻ നാസർ, മുഹമ്മദ് അഷ്റഫ്, എം.കെ. മണി പത്തൂർ, ഹസീന കുരുണിയൻ, എൻ.വി. നുസ്രത്ത്, അശ്വതി ടീച്ചർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. മെഡിക്കൽ ഓഫിസർ ഡോ. അബ് ദുൽ റഷീദ്, ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ, ആർ.ആർ.ടി പ്രവർത്തകർ എന്നിവരുടെ നേതൃത്വലാണ് നടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.