കോട്ടക്കൽ: അപകടത്തിൽനിന്ന് രക്ഷപ്പെട്ടതിെൻറ അവിശ്വസനീയമായ ഓർമയിൽ സഹോദരങ്ങൾ. ചങ്ങരംകുളം പരേതനായ പെരുമ്പാൾ മൊയ്തുണ്ണിയുടെയും ഖൈറുന്നീസയുടെയും മക്കളായ മുഹമ്മദ് ആഷിഖ് (45), മുഹമ്മദ് ഷഹീൻ (35) എന്നിവരാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. പരിക്കേറ്റ ഇരുവരും കോട്ടക്കൽ ആസ്റ്റർ മിംസിൽ ചികിത്സയിലാണ്. ആഷിഖിന് കൈകൾക്കും ശരീരത്തിനും പരിക്കുണ്ട്.
ഷഹീന് തലക്കാണ് പരിക്ക്. അഞ്ചുമണിക്ക് കരിപ്പൂരിൽ വിമാനം എത്തിയ സന്ദേശം വന്നിരുന്നു. ലാൻഡ് ചെയ്യുകയാണെന്ന അറിയിപ്പും ലഭിച്ചു.
എന്നാൽ, കാലാവസ്ഥ പ്രതികൂലമായതാകാം മണിക്കൂറുകൾ ആകാശത്ത് കറങ്ങിയ ശേഷമാണ് നിലത്തിറങ്ങുന്നത്. ലാൻഡ് ചെയ്ത വിമാനം പെട്ടെന്ന് ഉയർത്താനുള്ള ശ്രമമുണ്ടായി. ഇതിന് പിന്നാലെ വലിയ ശബ്ദം കേട്ടു. പിന്നീട് വിമാനം പിളർന്നതാണ് കണ്ടത്. കൂട്ടക്കരച്ചിലുകളുയർന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. സീറ്റ് ബെൽറ്റ് ഊരാഞ്ഞത് ഭാഗ്യമായെന്ന് ഷഹീൻ പറഞ്ഞു. സുഹൃത്തുക്കളായ രണ്ടുപേരും കൂടെയുണ്ടായിരുന്നു. 20 വർഷമായി സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് ആഷിഖ്. മറ്റൊരു കമ്പനിയിൽ അഞ്ചുവർഷത്തോളമായി ഷഹീനുമുണ്ട്.
കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടാണ് നാട്ടിലേക്ക് മടങ്ങിയത്. ഇളയ സഹോദരൻ എൻജിനീയറായ മുഹമ്മദ് ഷഫീഖും ദുബൈയിലാണ്. ആഷിഖിനൊപ്പം ഭാര്യ കുന്നംകുളം സ്വദേശിനി ജസ്നയും മക്കളായ റയ് വാനും ആദിലും ദുബൈയിലായിരുന്നു. ഒരുവർഷം മുമ്പാണ് ഇവർ നാട്ടിലെത്തിയത്.
നന്നംമുക്ക് പഞ്ചായത്തിന് സമീപമുള്ള തറവാട് വീട്ടിലാണ് ഷഹീനും ഭാര്യ സാബിറ, മക്കളായ സെയ്തു ആയിഷു എന്നിവർ താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.