മലപ്പുറം: കോട്ടക്കൽ പൊലീസ് സ്റ്റേഷൻ ആക്രമണകേസിൽ പ്രതികളായ 48 മുൻ എൻ.ഡി.എഫ് പ്രവർത്തകരെ മലപ്പുറം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. പ്രതികൾക്കെതിരായ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് വിധിന്യായത്തിൽ പറഞ്ഞു. 2007ൽ മലപ്പുറം ജില്ലയിൽ നടന്ന ആർ.എസ്.എസ്-എൻ.ഡി.എഫ് സംഘർഷങ്ങളുടെ തുടർച്ചയായി പരപ്പനങ്ങാടി സ്വദേശി ഹമീദിന് വെട്ടേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട സംഘർഷം ഒഴിവാക്കാനെന്ന പേരിൽ അന്നത്തെ എൻ.ഡി.എഫ് ചെയർമാൻ എ. സഈദിനെ കോട്ടക്കൽ സ്റ്റേഷനിൽ കരുതൽ തടങ്കലിലാക്കി. തുടർന്ന് നിരവധി വാഹനങ്ങളിൽ സംഘടിച്ചെത്തിയ എൻ.ഡി.എഫ് പ്രവർത്തകർ, ആയുധങ്ങളുമായി സ്റ്റേഷൻ ആക്രമിച്ചെന്നായിരുന്നു കേസ്. 2007 മാർച്ച് 21ന് അർധരാത്രിയാണ് സംഭവം. 51 പ്രതികളാണുണ്ടായിരുന്നത്. മത സ്പർധ സൃഷ്ടിക്കൽ, ആയുധനിയമം, പൊതുമുതൽ നശിപ്പിക്കൽ, പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. 20ാം പ്രതി വിചാരണ വേളയിൽ മരിച്ചു. 21ഉം 14ഉം പ്രതികൾ വിദേശത്താണ്.
വിചാരണ പൂർത്തിയായ 48 പേരെയാണ് മലപ്പുറം കോടതി ബുധനാഴ്ച വെറുതെ വിട്ടത്. ചെയർമാനെ അറസ്റ്റ് ചെയ്തതറിഞ്ഞ് സ്ഥലത്തെത്തിയ പ്രവർത്തകരെ പൊലീസ് ആക്രമിച്ച് കള്ളക്കേസ് ചുമത്തുകയായിരുന്നെന്ന് അന്ന് എൻ.ഡി.എഫ് ആരോപിച്ചിരുന്നു.
സ്റ്റേഷൻ പരിസരത്ത് നിലയുറപ്പിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിവീശുകയും കാറുകൾ അടിച്ചുതകർക്കുകയും ചെയ്തിരുന്നു. ഒരു കൊടുവാളും 21 കത്തികളുമടക്കം ആയുധങ്ങൾ പിറ്റേദിവസം ഡി.ജി.പി വാർത്തസമ്മേളനം നടത്തി മാധ്യമങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിച്ചിരുന്നു. 2013ൽ ആരംഭിച്ച കേസിന്റെ വിചാരണ പൂർത്തിയാവാൻ പത്ത് വർഷമെടുത്തു. ദൃക്സാക്ഷികളായി 16 പൊലീസുകാരെ കോടതി വിസ്തരിച്ചു. പരസ്പരവിരുദ്ധ മൊഴികളാണ് ഇവർ നൽകിയത്. ആയുധങ്ങൾ എൻ.ഡി.എഫുകാരുടേതെന്ന് തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ അബ്ദുൽ ലത്തീഫ്, മലപ്പുറം അബ്ദുൽ റഹീം, സാദിഖ് നടുത്തൊടി എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.