കോട്ടക്കൽ: പച്ചക്കോട്ടകൾ ഇളകുമോയെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. കോട്ടക്കൽ നഗരസഭയിലെ രണ്ട് (ചുണ്ട), പതിനാല് (ഈസ്റ്റ് വില്ലൂർ) വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായി. 1086 വോട്ടർമാരുള്ള രണ്ടാം വാർഡിൽ 861 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. പോളിങ് (79 ശതമാനം). കഴിഞ്ഞ തവണ ഭൂരിപക്ഷം (152). വാർഡ് പതിനാലിൽ 76 ശതമാനം ആണ് പോളിങ്. 1393 വോട്ടർമാരിൽ 1055 പോൾ ചെയ്തു. 176 ആയിരുന്നു കഴിഞ്ഞ തവണയിലെ ഭൂരിപക്ഷം.
ഉപതെരഞ്ഞെടുപ്പ് ഫലം വെള്ളിയാഴ്ച രാവിലെ പത്തരയോടെ അറിയാം. ചങ്കുവെട്ടി പി.എം.എസ്.എ പി.ടി.എം എൽ.പി സ്കൂൾ, അൽ ഇസ്ഹാൻ കോളജ് എന്നിവിടങ്ങളിലായിരുന്നു ബൂത്തുകൾ. കനത്ത ചൂടിനെയും അവഗണിച്ച് ഇരു ബൂത്തുകളിലും നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. ഉച്ചക്ക് ശേഷം മന്ദഗതിയിലായി. കഴിഞ്ഞ തവണത്തേക്കാൾ പോളിങ് ഉയർന്നത് ഇടതുവലതു മുന്നണികൾക്കൊപ്പം എസ്.ഡി.പി.ഐക്കും പ്രതീക്ഷ നൽകുന്നുണ്ട്.
നിലവിൽ മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റുകളാണ് ഇരു വാർഡുകളും. രണ്ടാം വാർഡിലെ കൗൺസിലർ ഷഹല ഷജാസിന് അയോഗ്യതയായതും പതിനാലിൽ വിഭാഗീയതയെ തുടർന്ന് ബുഷ്റ ഷബീർ രാജിവെച്ചതുമാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയത്. രണ്ടിൽ റുഖിയ റഹീമും നഷ് വ ഷാഹിദുമായിരുന്നു ഇടതുവലതു സ്ഥാനാർഥികൾ. എസ്.ഡി.പി.ഐ സ്ഥാനാർഥി ഷാഹിദ നസീർ മാടക്കനുമായിരുന്നു.
പതിനാലിൽ ഷഹാന ഷഫീറും ചെരട റഹീമ സെറിനുമായിരുന്നു ഇടതുവലതു സ്ഥാനാർഥികൾ. ഫലം ഭരണത്തിൽ നിർണായകമല്ലെങ്കിലും വോട്ടുചോർച്ചയുണ്ടാകുമോയെന്ന ആശങ്കയിലാണ് ലീഗ്. ലീഗിലെ വിഭാഗീയത ആളിക്കത്തിച്ച സി.പി.എം ഇത്തവണ അട്ടിമറി വിജയമാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ തവണ രണ്ടാം വാർഡിൽ രണ്ടാം സ്ഥാനത്തെത്തിയ എസ്.ഡി.പി.ഐയും പ്രതീക്ഷയിലാണ്. 32 സീറ്റുള്ള കോട്ടക്കലിൽ ലീഗ് (19), സി.പി.എം (ഒമ്പത്), ബി.ജെ.പി (രണ്ട്) എന്നിങ്ങനെയാണ് കക്ഷിനില.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.