കോട്ടക്കൽ: ഭിന്നശേഷിക്കാരായ സഹോദരങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമായി. സി.പി.എം കോട്ടപ്പടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന പിന്തുണയോടെയാണ് നായാടിപ്പാറയിലെ മിഥുനും പ്രവീണിനും സ്നേഹവീട് നിർമിച്ചത്.
മേയ് 28ന് വൈകുന്നേരം മൂന്നരക്ക് നടക്കുന്ന ചടങ്ങിൽ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ താക്കോൽ കൈമാറ്റം നിർവഹിക്കും. കഴിഞ്ഞ സെപ്റ്റംബർ 22ന് ഇവരുടെ ദുരിതം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. രോഗം ബാധിച്ച് വർഷങ്ങളായി വാടക വീട്ടിൽ കഴിയുന്ന പൂഴിത്തറ പ്രഭാകരന്റെയും പുഷ്പയുടെയും മക്കളാണ്. കോട്ടക്കൽ മനോവികാസ് സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികളായ ഇരുവരും പ്രായത്തിനൊപ്പം മനസ്സും ശരീരവുമെത്താത്തവരാണ്. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് വലതുകാൽ മുട്ടിന് താഴെ മുറിച്ചുമാറ്റിയ നിലയിലാണ് മൂത്തയാളായ പ്രവീൺ. അപകടത്തെ തുടർന്ന് വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ പ്രവീണിന് ജീവനാംശമായി കോടതി വഴി ലഭിച്ച പണം കൊണ്ട് പാണ്ടമംഗലത്ത് വാങ്ങിയ അഞ്ച് സെന്റ് ഭൂമിയിലാണ് വീടെന്ന സ്വപ്നം യാഥാർഥ്യമായത്. രണ്ട് കിടപ്പുമുറി, ഹാൾ, അടുക്കള, ശൗചാലയം എന്നിവയടങ്ങുന്നതാണ് സ്വപ്നഭവനം. ചടങ്ങിൽ ഭവനരഹിതരായ കുടുംബങ്ങൾക്ക് വീട് നിർമാണത്തിനുള്ള സഹായവിതരണവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.