കോട്ടക്കൽ: ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കോട്ടക്കലിലെ പച്ചക്കോട്ടകള്‍ ഇളകിയില്ല. മുസ്ലിംലീഗിലെ വിഭാഗീയത ആളിക്കത്തിച്ച് ഇത്തവണ അട്ടിമറി വിജയം പ്രതീക്ഷിച്ചിരുന്ന സി.പി.എമ്മിന് കൂടുതല്‍ വോട്ടുകള്‍ നേടാന്‍ കഴിഞ്ഞെന്ന് ആശ്വസിക്കാം. കഴിഞ്ഞ തവണ മികച്ച നേട്ടം കൊയ്ത എസ്.ഡി.പി.ഐ ഇത്തവണ മൂന്നാംസ്ഥാനത്തെത്തി. കോട്ടക്കല്‍ നഗരസഭയിലെ രണ്ട്(ചുണ്ട),പതിനാല്(ഈസ്റ്റ് വില്ലൂര്‍) വാര്‍ഡുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ ലീഗിന് കഴിഞ്ഞു. പുതുമുഖങ്ങളെ അണിനിരത്തിയാണ് മികച്ച വിജയം കൈവരിച്ചത്. 861 പേർ വോട്ട് രേഖപ്പെടുത്തിയ രണ്ടാം വാര്‍ഡില്‍ മുസ്ലിം ലീഗിലെ നഷ്വ ഷാഹിദ് 176 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പച്ചക്കൊടി പാറിച്ചത്. 79 ശതമാനം പോളിങ് നടന്ന ഇവിടെ റുഖിയ റഹീമായിരുന്നു ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥി. കഴിഞ്ഞ തവണയിലെ ഭൂരിപക്ഷം(152) ആയിരുന്നു.
ലീഗ് 407 വോട്ടുകള്‍ നേടി. 231 വോട്ടുകള്‍ നേടിയ എല്‍.ഡി.എഫിന് ഇത്തവണ രണ്ടാംസ്ഥാനത്തെത്താനായി. 222 വോട്ടുകള്‍ നേടിയ എസ്.ഡി.പി.ഐ മൂന്നാംസ്ഥാനത്തേക്ക് മാറി. ലീഗിലെ കൗണ്‍സിലറായിരുന്ന ഷഹല ഷജാസിന്റെ അയോഗ്യതയെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. 76 ശതമാനം പോളിങ് നടന്ന പതിനാലാം വാര്‍ഡ് ഈസ്റ്റ് വില്ലൂരില്‍ 191 വോട്ടിന്റെ മിന്നും വിജയമാണ് ഷഹാന ഷഫീര്‍ നേടിയത്. 1393 വോട്ടര്‍മാരില്‍ 1055 പോള്‍ ചെയ്ത ഇവിടെ കഴിഞ്ഞ തവണ ഭൂരിപക്ഷം 176 ആയിരുന്നു. 432 വോട്ടുകൾ എല്‍.ഡി.എഫ് സ്വതന്ത്രയായി മത്സരിച്ച ചെരട റഹീമ സെറിന്‍ നേടി. ലീഗിലെ വിഭാഗീയതയെ തുടര്‍ന്ന് ബുഷ്റ ഷബീര്‍ രാജിവെച്ചതാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയത്.
കോട്ടക്കല്‍ നഗരസഭ കാര്യാലയത്തിലായിരുന്നു വോട്ടെണ്ണല്‍ നടപടികള്‍. രാവിലെ പത്തരയോടെ ഇരുഫലങ്ങളും പുറത്തുവന്നതോടെ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനമാരംഭിച്ചു. നിയുക്ത കൗണ്‍സിലര്‍മാരെ ഹാരാര്‍പ്പണമണിയിച്ച് നഗരത്തില്‍ ആഹ്ലാദപ്രകടനം നടത്തി. 32 വാർഡുകളുള്ള കോട്ടക്കലില്‍ ലീഗ് (21), സി.പി.എം (ഒമ്പത്), ബി.ജെ.പി(രണ്ട്) എന്നിങ്ങനെയാണ് കക്ഷിനില. വിഭാഗീയത രൂക്ഷമായി തുടരുന്ന കോട്ടക്കലിൽ ഇരു വാർഡുകളും നിലനിർത്താനായത് ലീഗിന് ആശ്വാസമാണ്. നഗരസഭ അധ്യക്ഷയായിരുന്ന ബുഷ്റ ഷബീറിന്റെ രാജിക്ക് പിന്നാലെ വിമതരെ കൂട്ടുപിടിച്ച് സി.പി.എം ഭരണം പിടിച്ചത് ലീഗ് സംസ്ഥാന നേതൃത്വത്തിന് അവമതിയുണ്ടാക്കിയിരുന്നു. ഭരണസാരഥികളായി പാർട്ടി നിർദ്ദേശിച്ചവർ പരാജയപ്പെട്ടതോടെ ലീഗ് മുൻസിപ്പൽ കമ്മിറ്റി പിരിച്ചുവിട്ടു.
അബ്ദുറഹ്മാൻ രണ്ടത്താണിയുടെ നേതൃത്വത്തിലുള്ള അഡ് ഹോക് കമ്മിറ്റിക്കാണ് നിലവിൽ കോട്ടക്കലിന്റെ ചുമതല. ലീഗിൽ വിമത ശബ്ദം ഉയർത്തിയവരുമായി നടത്തിയ ചർച്ചയിൽ ഡോ: ഹനീഷ, ചെരട മുഹമ്മദലി എന്നിവർ സാരഥികളായി. ഇതിനിടയിൽ സ്ഥിരസമിതി അധ്യക്ഷ സ്ഥാനത്തേക്ക് വനിത പ്രതിനിധിയായി സി.പി.എമ്മിലെ വി. സരള തെരഞ്ഞെടുക്കപ്പെട്ടതും ലീഗിന് ക്ഷീണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.