കോട്ടക്കൽ: ഭിന്നശേഷിക്കാരായ രണ്ട് ആൺമക്കളുമായി ദുരിതജീവിതം നയിക്കുന്ന കുടുംബത്തിനുള്ള സ്നേഹവീടിന്റെ കുറ്റിയടിക്കൽ കേരളപ്പിറവിദിനമായ ചൊവ്വാഴ്ച നടക്കും. വൈകീട്ട് മൂന്നിന് പാലോളി മുഹമ്മദ് കുട്ടി കർമം നിർവഹിക്കും. നായാടിപ്പാറയിലെ വാടക ക്വാര്‍ട്ടേഴ്സിൽ കഴിയുന്ന പൂഴിത്തറ പ്രഭാകരനും ഭാര്യ പുഷ്പക്കും മക്കളായ മിഥുനും (27) പ്രവീണിനുമാണ് (24) പാണ്ടമംഗലത്ത് വീട് നിർമിക്കുന്നത്. ഇവരുടെ ദുരിതത്തെക്കുറിച്ച് സെപ്റ്റംബർ 22ന് 'മാധ്യമം' വാര്‍ത്ത നല്‍കിയതോടെ സി.പി.എം കോട്ടപ്പടി ബ്രാഞ്ച് കമ്മിറ്റി വീട് നിർമാണം ഏറ്റെടുക്കുകയായിരുന്നു. ആറുമാസത്തിനകം വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാനാണ് തീരുമാനം.
പാണ്ടമംഗലത്ത് കുടുംബത്തിന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലത്താണ് നിർമാണം. എൻജിനീയര്‍ സുരേഷ് ബാബു, കോണ്ട്രാക്ടര് എ.ആര്.കെ സാദിഖിന്റെയും നേതൃത്വത്തില്‍ വീടിന്റെ കുറ്റിയടിക്കലിനാവശ്യമായ ഭൂമി ഒരുക്കിക്കഴിഞ്ഞു. ബഹുജന പങ്കാളിത്തത്തോടെ നിർമിക്കുന്ന വീടിന് എല്ലാ സുമനസ്സുകളുടെയും സഹായസഹകരണങ്ങൾ ഉണ്ടാകണമെന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.പി. ഷമീം അഭ്യർഥിച്ചു. വീട് നിർമാണ കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരി യു. തിലകൻ, രക്ഷാധികാരികളായ എൻ. പുഷ്പരാജൻ, ടി.പി. ഷമീം, ചെയർമാൻ പത്മനാഭൻ, കൗൺസിലർമാരായ ടി. കബീർ, യു. രാഗിണി, കൺവീനർ എൻ.പി. സുർജിത്ത്, പി.വി. മധു, ഹരിദാസ് കള്ളിയിൽ, ട്രഷറർ പി. സുരേഷ് കുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് വീടൊരുങ്ങുക. അപകടത്തെ തുടർന്ന് മുട്ടിന് താഴെ മുറിച്ചുമാറ്റിയ വലതുകാലുമായാണ് പ്രവീൺ കഴിയുന്നത്. പ്രായത്തിനൊപ്പം മനസ്സും ശരീരവുമെത്താത്ത സഹോദരങ്ങൾ കോട്ടക്കൽ മനോവികാസ് സ്കൂൾ വിദ്യാർഥികളാണ്. ക്ഷേത്രത്തിൽ താൽക്കാലിക ജീവനക്കാരിയാണ് പുഷ്പ. പ്രമേഹരോഗിയായ പ്രഭാകരൻ ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.