കോട്ടക്കല്‍: ആറുവരിപാതയില്നിന്ന് ഓവുചാൽ വഴി മാറാക്കര പഞ്ചായത്ത് റോഡിലേക്കും വീടുകളിലേക്കും മലിനജലം ഒഴുക്കിയതിനെതിരെ നാട്ടുകാര്‍ ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തതോടെ നിർമാണ പ്രവൃത്തികള്‍ അതിവേഗത്തിലാക്കി നിർമാണക്കമ്പനി. നിർമാണം നിർത്തേണ്ടി വരുമോയെന്ന ആശങ്കയാണ് ഇതിന് പിന്നിലെന്നാണ് രണ്ടത്താണിയിലെ നാട്ടുകാര്‍ പറയുന്നത്.
ദേശീയപാത കടന്നു പോകുന്ന രണ്ടത്താണിയുടെ ഇരുവശവും ആഴത്തില്‍ മണ്ണെടുക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. നിർമാണം പൂര്‍ത്തിയായാല്‍ നഗരത്തില്‍നിന്നുള്ള മുഴുവന്‍ മലിനജലവും പഞ്ചായത്തിലെ ഒന്നാം വാര്‍ഡിന്റെയും ഇരുപതാം വാര്‍ഡിന്റെയും ഭാഗമായ അയൂബ് ഖാന് റോഡിലേക്കാണ് ഒഴുകിയെത്തുക. നിലവില്‍ പെയ്തിറങ്ങിയ മഴവെളളം ആറുവരി പാതയുടെ വികസനത്തിന്റെ ഭാഗമായി നിര്‍മിച്ച ഓവുചാൽ വഴി അമ്പതോളം കുടുംബങ്ങൾ താമസിക്കുന്ന ഭാഗത്തേക്കാണ് ഒഴുകിയെത്തിയിരുന്നത്. കിണറുകളിലേക്കടക്കം മലിനജലമെത്തിയതോടെ ദുരിതത്തിലായ വീട്ടുകാര്‍ സ്വന്തം വീട്ടിലേക്കുള്ള വഴി പടവുകള്‍ നിർമിച്ച് താൽക്കാലികമായി അടച്ചിരിക്കുകയാണ്. സമീപത്തെ ക്വാര്‍ട്ടേഴ്സുകളിലേക്കും വെളളം കയറി.
പഞ്ചായത്ത് ആസ്തിയിലുള്ള റോഡിലേക്ക് വെള്ളം ഒഴുകി വരുന്ന സാഹചര്യമായിട്ടും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. കേസ് ഹൈകോടതിയിലെത്തിയ ശേഷമാണ് ജില്ല കലക്ടര്‍ വി.ആര്. വിനോദിനെ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചതെന്നാണ് ആരോപണം. നിലവില്‍ രണ്ടത്താണി കീറിമുറിച്ചാണ് ആറുവരിപ്പാത കടന്നുപോകുന്നത്. പാത മുറിച്ചു കടക്കാന്‍ അടിപ്പാത വേണമെന്നാവശ്യപ്പെട്ടുളള സമരങ്ങളിൽ ഇതുവരെ അനുകൂല തീരുമാനമായിട്ടില്ല. 90 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായി. വെളളം ഒഴുകിപ്പോകാന്‍ നിർമിച്ച ഓവുചാൽ വഴി ഇരുവശത്തേക്കും നടന്നു പോകാന്‍ വെളിച്ചമടക്കം താൽക്കാലിക സൗകര്യവും ഒരുക്കിയിരുന്നു.
എന്നാല്‍ മഴ കനത്തതോടെ ഈ വഴി ചെളിയും മണ്ണും നിറഞ്ഞു. ഇതുവഴി മലിനജലവും ഒഴുകിത്തുടങ്ങി. വിഷയത്തില്‍ പ്രദേശത്തുകാര്‍ക്ക് നീതി ലഭ്യമാക്കാൻ യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ശനിയാഴ്ച ദേശീയപാത കമ്പനിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. പ്രശ്നം ‘മാധ്യമം’ വാര്‍ത്തയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.