കോട്ടക്കൽ: മഴക്കെടുതിയിൽ സംരക്ഷണഭിത്തി തകർന്നതോടെ കേടുപാടുകൾ സംഭവിച്ച വീട്ടിൽനിന്ന് കുടുംബത്തിന് സംരക്ഷണമൊരുക്കി പെരുമണ്ണ ഗ്രാമപഞ്ചായത്ത്. കഞ്ഞിക്കുഴങ്ങര ഇല്ലത്തുപടിക്കൽ സുബ്രഹ്മണ്യനും കുടുംബത്തിനുമാണ് കവുങ്ങിലപ്പടിയിൽ താമസിക്കാൻ താൽകാലികമായി ഫ്ലാറ്റ് ഒരുക്കിയത്. ഏതുനിമിഷവും തകർന്നുവീഴാവുന്ന വീട്ടിൽ ഭീതിയിൽ കഴിയുന്ന ഇവരുടെ വാർത്ത ‘മാധ്യമം’ നൽകിയിരുന്നു. തുടർന്ന് പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ച് അടിയന്തരമായി മറ്റൊരു വീട്ടിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി വർഷങ്ങൾക്ക് മുമ്പ് നിർമിച്ച കരിങ്കൽ ഭിത്തിയാണ് തകർന്നത്. അടുക്കളയോട് ചേർന്നുള്ള വീടിന്റെ പിറകുഭാഗം ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലായി. അടുക്കള ടാർപോളിൻ കൊണ്ട് മറച്ച ഭാഗത്താണ് ഭക്ഷണം പാകം ചെയ്തിരുന്നത്. സുബ്രഹ്മണ്യനും ഭാര്യ രുഗ്മിണിക്കൊപ്പം പ്രസവം കഴിഞ്ഞ സഹോദരിയും കൈക്കുഞ്ഞടക്കം രണ്ടു കുട്ടികളുമാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഇവരുടെ വീടിന് സമീപമുള്ള സഹോദരിയുടെ വീടിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി താമസിയാതെ കുടുംബത്തിനെ മാറ്റാനാണ് അധികൃതരുടെ തീരുമാനം. ജില്ല പഞ്ചായത്തിന്റെ ഫണ്ട് വകയിരുത്തി ആറുമാസത്തിനകം സംരക്ഷണഭിത്തി നിർമിക്കുമെന്ന് പ്രസിഡൻറ് ഷംസു പുതുമ അറിയിച്ചു. 20 ലക്ഷം രൂപയോളമാണ് പ്രവൃത്തികളുടെ ചെലവ്. സ്ഥിരം സമിതി അധ്യക്ഷൻ മുസ്തഫ കളത്തിങ്ങൽ, സഫ്വാൻ പാപ്പാലി എന്നിവർ വീട് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.