വാ​ട​ക കു​ടി​ശ്ശി​ക തീ​ർ​ക്കാ​നു​ള്ള പ​ണം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൻ​സി​ല ജോ​ർ​ജ് കു​ടും​ബ​ത്തി​ന് കൈ​മാ​റു​ന്നു

ഭിന്നശേഷിക്കാരായ സഹോദരങ്ങളെ ചേർത്തു പിടിച്ച് സേക്രഡ് ഹാർട്ട് സ്കൂൾ

കോട്ടക്കൽ: ഭിന്നശേഷക്കാരായ വിദ്യാർഥികൾക്ക് സാന്ത്വനവുമായി കോട്ടക്കൽ സേക്രഡ് ഹാർട്ട് സ്കൂൾ അധികൃതർ. മാനേജ്മെൻറിന് കീഴിലുള്ള മനോവികാസ് സ്കൂൾ വിദ്യാർഥികളായ പ്രവീൺ (24), മിഥുൻ (27) എന്നിവരുടെ കുടുംബത്തിന്‍റെ വാടക കുടിശ്ശികയും വീട് നിർമാണം പൂർത്തിയാകുന്നത് വരെയുള്ള മാസവാടകയും സ്കൂൾ അധികൃതർ ഏറ്റെടുത്തു. അപകടത്തിൽ വലതുകാൽ മുട്ടിന് താഴെ മുറിച്ചുമാറ്റിയ പ്രവീണിന്‍റെയും കുടുംബത്തിന്‍റെയും ദുരിതം സംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. സ്വന്തമായൊരു വീടെന്ന സ്വപ്നവും നാല് മാസത്തെ വാടക നൽകാനുമാകാതെയായിരുന്നു നാലംഗ കുടുംബം കഴിഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് കോട്ടക്കൽ നായാടിപ്പാറയിൽ കുടുംബം താമസിക്കുന്ന വാടക ക്വാർട്ടേഴ്സ് പ്രിൻസിപ്പലടക്കമുള്ളവർ സന്ദർശിച്ചത്.

ഇരുവരുടേയും രക്ഷിതാക്കളായ പുഷ്പക്കും പ്രഭാകരനും വാടക കുടിശ്ശികയായ പതിനായിരം രൂപ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസില ജോർജ് കൈമാറി. മാസവാടക സ്കൂൾ സീഡ് ക്ലബിന്‍റെ നേതൃത്വത്തിൽ ഓരോ മാസവും അടക്കാനാണ് തീരുമാനിച്ചതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. മദർ സുപ്പീരിയർ സിസ്റ്റർ അർച്ചന, സിസ്റ്റർ ലിസിൻ, സിസ്റ്റർ സിസി, അധ്യാപിക സുധീര എന്നിവർ പങ്കെടുത്തു.

മാധ്യമം വാർത്തയെ തുടർന്ന് സി.പി.എം കോട്ടപ്പടി ബ്രാഞ്ച് കമ്മിറ്റിയാണ് കുടുംബത്തിന് വീട് നിർമിച്ചു നൽകുന്നത്. പ്രവീണിന് അപകടത്തെ തുടർന്ന് ലഭിച്ച ജീവൻ പരിരക്ഷ ഫണ്ടുകൊണ്ട് പാണ്ടമംഗലത്ത് വാങ്ങിയ അഞ്ചു സെൻറ് ഭൂമിയിലാണ് വീട് നിർമിക്കുന്നത്. നാട്ടുകാരുടെയും സുമനസ്സുകളുടേയും നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപവത്കരിച്ചാണ് സ്വപ്നഭവനം ഒരുക്കുക. ഗൂഗിൾ പേ സംവിധാനമുള്ള അക്കൗണ്ട് വഴിയാണ് ഫണ്ട് കണ്ടെത്തുക. 22ന് വീടിന് തറക്കല്ലിടും. പുഷ്പ ക്ഷേത്രത്തിലെ താത്ക്കാലിക ജീവനക്കാരിയും രോഗിയായ പ്രഭാകരൻ ഗുഡ്സ് ഓട്ടോ ഡ്രൈവറുമാണ്.

Tags:    
News Summary - Sacred Heart School Support for differently-abled siblings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.