കോട്ടക്കൽ: ആറുവരിപ്പാത വന്നതോടെ വീട്ടിലേക്കുള്ള ഏക വഴി അടഞ്ഞു. രോഗിയായ വയോധികയും കൈക്കുഞ്ഞുങ്ങളുമടക്കമുള്ള കുടുംബം തീരാദുരിതത്തിൽ. എടരിക്കോട് പഞ്ചായത്തിലെ ചെറുശ്ശോല പതിനൊന്നാം വാർഡിലെ കാലടി കുഞ്ഞാലനും കുടുംബവും സർക്കാർ ഓഫിസുകൾ കയറിയിറങ്ങുകയാണ്. നിർമാണ പ്രവൃത്തികൾ നടക്കുന്ന പാതക്ക് സമീപം തീർത്തും ഒറ്റപ്പെട്ട തുരുത്തിലാണ് ഇവർ കഴിയുന്നത്. ആറുവരിപ്പാതക്കായി സ്ഥലമേറ്റെടുപ്പ് നടക്കുമ്പോൾ വീട്ടിലേക്കുള്ള വഴി ഉണ്ടാകുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. എന്നാൽ, രണ്ടുവർഷം കഴിഞ്ഞിട്ടും പരിഹാരമില്ല. തുടർന്ന് എടരിക്കോട് പഞ്ചായത്തിൽ പരാതി നൽകി. പിന്നാലെ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും മരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും നേരിട്ട് പരാതി നൽകിയെങ്കിലും തീരുമാനമായിട്ടില്ല. ആഴ്ചകൾക്ക് മുമ്പ് ജില്ല കലക്ടർക്ക് നൽകിയ പരാതിയിൽ വഴി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
30 വർഷത്തിലധികമായി കുടുംബം ആശ്രയിച്ചിരുന്ന കൃഷിയിടത്തിലൂടെയുള്ള നടവരമ്പിന് മുകളിലൂടെയാണ് പുതിയ പാത കടന്നുപോകുന്നത്. പറമ്പിലങ്ങാടി കല്ലുവെട്ടുപ്പാറ ജുമാ മസ്ജിദ് റോഡ് അവസാനിക്കുന്ന ഭാഗത്തുനിന്നും കുഞ്ഞാലന്റെ വീട്ടിലേക്ക് ഈ നടവഴി മാത്രമായിരുന്നു ആശ്രയം. വീടിനോട് ചേർന്നുള്ള തോട്ടിലെ വെള്ളം ഒഴുകിപോകാൻ അണ്ടർ പാത്തും പാതയുടെ ഇരുവശങ്ങളിലും സർവിസ് റോഡുകളും വന്നതോടെ കുടുംബം തീരാദുരിതത്തിലാണ്. വീടിന് രണ്ടുഭാഗത്തും തോടാണ്. തോടിന് മുകളിലൂടെ വിലങ്ങിനെയിട്ട മരത്തടികളാണ് വീട്ടിലേക്കുള്ള വഴി.
വീടിന്റെ പിറകിൽ സ്വകാര്യവ്യക്തികളുടെ സ്ഥലവും ചതുപ്പുമാണ്. ഈ സ്ഥലത്തിന് മീറ്ററുകൾക്കപ്പുറം കുറുക ഏലാപ്പറമ്പ് റോഡ് ഉണ്ടെങ്കിലും കുഞ്ഞാലന്റെ കുടുംബത്തിന് പ്രയോജനമില്ല. മഴ ശക്തമായാൽ തോട് നിറഞ്ഞ് വീട്ടിലേക്ക് വെള്ളം ഒഴുകിയെത്തും. കുഞ്ഞാലന്റെ 85കാരി മാതാവ് ബീരാവുമ്മയും ഭാര്യ റസിയയും മൂന്നു ആൺമക്കളും ഇവരുടെ കുടുംബവുമടക്കം 16 പേരാണ് ദുരിതത്തിൽ കഴിയുന്നത്. അമ്പലവട്ടം ജി.എൽ.പി സ്കൂളിൽ പഠിക്കുന്ന പേരക്കുട്ടികളെ പ്രവൃത്തികൾ നടക്കുന്ന ദുർഘടം നിറഞ്ഞ ഭാഗങ്ങളിലൂടെയാണ് മറുഭാഗത്തേക്ക് എത്തിക്കുന്നത്. പാത പൂർത്തിയായാൽ ഇതും അവസാനിക്കും. മാതാവ് ബീരാവുമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഒരു തരത്തിലും കഴിയില്ല. എടരിക്കോട്, കോട്ടക്കൽ, ഭാഗത്തേക്ക് സുഗമായി യാത്ര ചെയ്തിരുന്നവരാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.