കോട്ടക്കൽ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗമെടുത്ത തീരുമാനങ്ങൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. അപ്രായോഗികവും യാത്രക്കാരെ പ്രയാസത്തിലാക്കുന്നതുമായ നിർദേശങ്ങളാണിതെന്ന് വിമർശം ഉയർന്നിട്ടുണ്ട്. പ്രധാനമായും കോട്ടപ്പടി-കാവതികളം പാത വൺവേ ആക്കിയതിനെതിരെയാണ് പ്രതിഷേധം. നിലവിൽ വീതിയില്ലാത്ത വളവോടെയുള്ള പാത വലിയ ഗതാഗതക്കുരുക്കിനാണ് വഴിവെക്കുന്നത്. ഇതിന് പരിഹാരം കാണലാണ് പരിഷ്കാരത്തിന്റെ ലക്ഷ്യം. കൂടുതൽ സ്ഥലം ഏറ്റെടുത്ത് റോഡ് വീതി കൂട്ടുകയാണ് വേണ്ടതെന്നാണ് ഉയരുന്ന ആവശ്യം. കാവതികളത്തുനിന്ന് വരുന്ന വാഹനങ്ങൾ ബൈപാസ് വഴി പുത്തൂരിൽ എത്തി നഗരത്തിലേക്ക് പ്രവേശിക്കാനാണ് തീരുമാനം. വൺവേ ആക്കിയാൽ വിദ്യാർഥികളടക്കമുള്ളവർക്ക് ഒരുപാട് സമയം നഷ്ടം വരും. കോട്ടപ്പടിയിലേക്ക് സാധനങ്ങൾ വാങ്ങാൻ വരുന്നവർക്കും നഗരം ചുറ്റേണ്ടിവരും. അമ്പലങ്ങൾ, സ്കൂൾ, നഴ്സറി, ആര്യവൈദ്യശാല എന്നിവിടങ്ങളിലേക്ക് എത്തുന്നവരും പ്രയാസപ്പെടും. കോട്ടപ്പടിയിലെ വ്യാപാര സ്ഥാപനങ്ങൾക്കും സാമ്പത്തികമായി തിരിച്ചടിയുണ്ടാകും.
നഗരം പ്രവേശിക്കാതെ ഈ ഭാഗത്തുള്ളവർക്ക് ദേശീയപാതയിലേക്കുള്ള എളുപ്പവഴി കൂടിയാണ് പുതിയ തീരുമാനത്തിൽ ഇല്ലാതാകുക. നിലവിൽ തിരൂർ- മലപ്പുറം പാത ഗതാഗതക്കുരുക്കിലാണ്. തിരിച്ചുവിടുന്ന വാഹനങ്ങൾകൂടി എത്തുന്നതോടെ നഗരത്തിലെ തിരക്ക് വർധിക്കാനാണിട. സ്റ്റാൻഡിലേക്ക് വരുന്ന ബസുകൾക്കും പുതിയ നിർദേശങ്ങളുണ്ട്. ചങ്കുവെട്ടി ഭാഗത്തുനിന്നു വരുന്ന ബസുകൾ പടിഞ്ഞാറു വശത്തെ റോഡിലൂടെയും മലപ്പുറം ഭാഗത്തുനിന്നുള്ളവ ചന്ത റോഡ് വഴിയുമാണ് സ്റ്റാൻഡിൽ കയറേണ്ടത്. പ്രവേശനകവാടത്തിലൂടെ ഇറങ്ങി യാത്ര തുടരണം. പറപ്പൂർ, പൊട്ടിപ്പാറ ,വേങ്ങര ഭാഗങ്ങളിൽനിന്ന് വരുന്ന ബസുകൾ സ്റ്റാൻഡിന്റെ പിൻവശം വഴിയാണ് കയറേണ്ടത്. ഇവിടേക്കെത്തുന്ന ചെറുവാഹനങ്ങൾ സ്റ്റാൻഡിന്റെ മുകളിലെ പേ പാർക്കിങ് സംവിധാനം ഉപയോഗപ്പെടുത്തണം. പൊലീസ് ,ജനപ്രതിനിധികൾ, െറഗുലേറ്ററി അംഗങ്ങൾ അടങ്ങിയവരെടുത്ത യോഗതീരുമാനം പരീക്ഷണടിസ്ഥാനത്തിൽ നടപ്പാക്കി വിജയിപ്പിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.