പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിലെ കോവിഡ് രോഗികളുടെ കിടക്കകളുടെ എണ്ണം 50ൽ നിന്ന് 100 ആക്കി ഉയർത്തി ജില്ല കലക്ടർ ഇറക്കിയ ഉത്തരവ് ആശുപത്രിയിൽ നടപ്പായില്ല. പെരിന്തൽമണ്ണ നഗരസഭയിലും പരിസര പ്രദേശങ്ങളിലും കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് ഒരാഴ്ചയിലേറെ മുമ്പ് സൗകര്യം കൂട്ടാൻ നിർദേശിച്ചത്.
ജില്ല ആശുപത്രിയിൽ നിലവിൽ മാതൃശിശു ബ്ലോക്കിലാണ് ഒരു വർഷമായി കോവിഡ് ചികിത്സ. ഇവിടെ 50 രോഗികളെയാണ് ഇതുവരെ കിടത്തിവന്നത്. മാതൃശിശു ബ്ലോക്കിൽ നൂറുപേരെ കിടത്താൻ ഹാളും കട്ടിലും അടക്കം സൗകര്യമുണ്ട്. നിലവിലെ ജീവനക്കാരെ വെച്ചു തന്നെ കോവിഡ് വാർഡ് പ്രവർത്തിപ്പിക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതുതായി ഡോക്ടർമാരെ വേണ്ടതില്ലെന്ന് ബന്ധപ്പെട്ടവർ നേരത്തേ തന്നെ അറിയിച്ചിരുന്നു.
ഉത്തരവ് നടപ്പാക്കാൻ ആശുപത്രി സൂപ്രണ്ടും ആർ.എം.ഒയും അട്ടക്കമുള്ളവരാണ് മുൻകൈയെടുക്കേണ്ടത്. കോവിഡ് വ്യാപനം കാരണം മറ്റു വാർഡുകളിൽ രോഗികൾ കുറഞ്ഞതിനാൽ അത്യാവശം വേണ്ട നഴ്സിങ്, ശുചീകരണ ജീവനക്കാരെ കോവിഡ് വാർഡിൽ നിയമിച്ച് സൗകര്യമൊരുക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, 16 പേരാണ് നിലവിൽ 50 കോവിഡ് രോഗികൾക്കുള്ള വാർഡിലെന്നും അത്രയും ജീവനക്കാർ ഉണ്ടെങ്കിൽ നൂറു ബെഡാക്കി ഉയർത്താമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ആരതിയും ജീവനക്കാരല്ലാത്ത മറ്റു സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ആശുപത്രി ആർ.എം.ഒ ഡോ. അബ്ദുൽ റസാക്കും അറിയിച്ചു.
കട്ടിൽ വർധിപ്പിക്കാത്തതിനെതിരെ ജനപ്രതിനിധികളുടെ ധർണ
പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ കോവിഡ് കിടക്കകളുടെ എണ്ണം ഉയർത്താനുള്ള കലക്ടറുടെ ഉത്തരവ് നടപ്പാക്കാത്ത ആശുപത്രി അധികൃതരുടെ നിലപാടിനെതിരെ പെരിന്തൽമണ്ണ നഗരസഭ പ്രതിപക്ഷ കൗൺസിലർമാരുടെ നേതൃത്വത്തിൽ ആശുപത്രി ഒാഫിസിനു മുന്നിൽ ധർണ നടത്തി. ചൊവ്വാഴ്ച രാവിലെ പ്രതിഷേധവുമായി ജനപ്രതിനിധികൾ ആശുപത്രിയിൽ എത്തിയപ്പോൾ ആർ.എം.ഒ ഡോ. അബ്ദുൽ റസാക്കുമായി ഇക്കാര്യം ആദ്യം സംസാരിച്ചു. വേണ്ടത്ര ജീവനക്കാർ ഇല്ലാത്തതാണ് തടസ്സമെന്നും അൽപസമയത്തിന് ശേഷം അടിയന്തര യോഗം ചേരുമെന്നും കാര്യങ്ങൾ ചർച്ച നടത്തുമെന്നും പ്രതിഷേധക്കാരെ അറിയിച്ചു.
കോവിഡ് ആൻറിജൻ ടെസ്റ്റ് ജില്ല ആശുപത്രിയിൽ നിർത്തിവെച്ചത് ഉടൻ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു. കോവിഡിെൻറ മറവിൽ ചില ഒ.പികൾ മുഴുവൻ സമയം പ്രവർത്തിക്കാത്ത സ്ഥിതിയുണ്ടെന്നും പരാതി ഉയർന്നു. അതേസമയം, എല്ലാ ഒ.പികളും ഉച്ചക്ക് ഒരുമണി വരെ പ്രവർത്തിക്കുന്നുണ്ടെന്നും ഒരു മണി വരെ ഒ.പി ടിക്കറ്റ് നൽകുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ആരതി പറഞ്ഞു.
പെരിന്തൽമണ്ണ നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാരായ പച്ചീരി ഫാറൂഖ്, ഹുസൈന നാസർ, ജിതേഷ്, നിഷാ സുബൈർ എന്നിവരുടെ നേതൃത്വത്തിലാണ് ധർണ നടത്തിയത്. ഹനീഫ പുവ്വത്തുംപറമ്പിൽ, സഫ്വാൻ, ഷരീഫ്, സഹദ്, നസ്റുദ്ദീൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.