ജൽ ജീവൻ മിഷൻ കുറ്റിപ്പുറത്ത് 121.77 കോടിയുടെ പദ്ധതിക്ക് അംഗീകാരം

കുറ്റിപ്പുറം: ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം കുറ്റിപ്പുറം പഞ്ചായത്തിൽ 121.77 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരമായി. നിലവിൽ ജലനിധി പദ്ധതി പ്രകാരമാണ് പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം നടന്നിരുന്നത്. എന്നാൽ, സാങ്കേതികമായ വിവിധ കാരണങ്ങളാൽ കുടിവെള്ള വിതരണത്തിന് പ്രയാസങ്ങൾ നേരിട്ടിരുന്നു. ഇതേ തുടർന്ന് കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള പ്രത്യേക പദ്ധതികൾ നടപ്പാക്കണമെന്ന് പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെ കണ്ട് ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടർന്നാണ് ജൽ ജീവൻ മിഷന്‍റെ അഞ്ചാമത്തെ സ്റ്റേറ്റ് ലവൽ സെലക്ഷൻ കമ്മിറ്റി പ്രകാരം കുറ്റിപ്പുറം പഞ്ചായത്തിന്‍റെ പദ്ധതിയിൽ ഉൾപ്പെടുത്തി 121.77 കോടി രൂപ അനുവദിച്ച് പദ്ധതിക്ക് ഭരണാനുമതിയായത്. പദ്ധതി നടത്തിപ്പിന്‍റെ മുന്നോടിയായുള്ള സർവേ പ്രവൃത്തികൾക്കുള്ള ടെൻഡറായിട്ടുണ്ട്. സർവേ ഡീറ്റെയിൽ കിട്ടിയാൽ ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, പൈപ്പ് ലൈൻ നെറ്റ്വർക്ക്, ടാങ്കുകൾ എന്നിവയുടെ ഡിസൈൻ തയാറാക്കും.

തുടർന്ന് എസ്റ്റിമേറ്റ് തയാറാക്കിയാണ് സാങ്കേതികാനുമതി ലഭ്യമാക്കുക. ഭാരതപ്പുഴയിൽ നിന്നുള്ള സ്രോതസ്സ് തന്നെയാണ് പദ്ധതിക്കായി ഉപയോഗിക്കുക. ഒരു മാസംകൊണ്ട് സർവേ പൂർത്തീകരിക്കും. ആറ് മാസത്തിനകം പദ്ധതിയുടെ ടെൻഡർ നടപടികളും പൂർത്തീകരിക്കും. പഞ്ചായത്തിൽ നിലവിലുള്ളതും പുതുതായി നൽകുന്ന 7877ഉം ഉൾപ്പെടെ ആകെ 11672 കണക്ഷനുകളാണ് പദ്ധതി പ്രകാരമുള്ളത്. പദ്ധതിയുടെ സാങ്കേതികാനുമതിയും ടെൻഡർ നടപടികളും വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. 

Tags:    
News Summary - 121.77 crore at Jal Jeevan Mission Kuttipuram Approval for the project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.