കുറ്റിപ്പുറം: തോരാത്ത മഴയും ശകതമായ നീരൊഴുക്കും കാരണം ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിനുവേണ്ടിയുള്ള തിരച്ചിൽ അതിസാഹസികമായിരുന്നു. അപകടം നിറഞ്ഞ തിരച്ചിൽ സംഘത്തിനൊപ്പം യുവതിയുടെ സാന്നിധ്യം കാഴ്ച കണ്ടുനിന്ന നാട്ടുകാരെ ആശ്ചര്യപ്പെടുത്തി.
തിരൂർ ഫയർ ആൻഡ് റെസ്ക്യൂവിന് കീഴിലെ സിവിൽ ഡിഫൻസ് ഫോഴ്സിൽ അംഗമായ കോട്ടക്കൽ പൂക്കിപ്പറമ്പ് വാളക്കുളം സ്വദേശി ഐഷയാണ് രണ്ടുദിവസം കുറ്റിപ്പുറം ഭാഗത്ത് ഭാരതപ്പുഴയിൽ നടന്ന തിരച്ചിൽ സംഘത്തിൽ ഉണ്ടായിരുന്നത്. രൗദ്ര ഭാവത്തിൽ ഒഴുക്കുന്ന പുഴയിലുടെ ഡിങ്കിലാണ് റെസക്യൂ സംഘം തിരച്ചിൽ നടത്തിയത്. വിദ്ഗധമായി നീന്താൻ അറിയുന്നവർ പോലും ഭയക്കുന്ന സാഹസിക യാത്രയിലാണ് 25കാരിയായ ഐഷ സധൈര്യം പങ്കെടുത്തത്.
രണ്ടുവർഷം മുമ്പാണ് സംസ്ഥാനത്ത് സിവിൽ ഡിഫൻസ് ഫോഴ്സ് രൂപവത്കരിച്ചത്. വിവിധ മേഖലകളിൽ ജോലിചെയ്യുന്ന ആളുകളെ ഉൾപ്പെടുത്തി പ്രത്യേക പരിശീലനം നൽകിയാണ് സംഘത്തിന് രൂപം നൽകിയിരിക്കുന്നത്. കൂടുതൽ പുരുഷന്മാരാണ് സിവിൽ ഡിഫൻസിലുള്ളത്. തിരൂർ ഫയർ ആൻഡ് റെസ്ക്യൂവിന് കീഴിൽ സിവിൽ ഡിഫൻസിലെ രണ്ട് വനിതകളിൽ ഒരാളാണ് ഐഷ. അതിസാഹസികമായ പല ഓപറേഷനുകളിലും വനിതകളെ ഉൾപ്പെടുത്താറില്ല. എന്നാൽ, കുറ്റിപ്പുറത്ത് നടന്ന തിരച്ചിൽ സംഘത്തിനൊപ്പം പങ്കുചേരാൻ ഐഷ സ്വയം സന്നദ്ധയായി രംഗത്തുവരുകയായിരുന്നു.
യുവജന ക്ഷേമ ബോർഡ് അംഗമായ ഐഷ അന്താരാഷ്ട്ര സോഫ്റ്റ് ബാൾ താരം കൂടിയാണ്. പല മത്സരങ്ങളിലും പങ്കെടുത്ത് ഇന്ത്യക്കുവേണ്ടി നിരവധി പുരസ്കാരങ്ങളും ഈ യുവതി കരസ്ഥമാക്കിയിട്ടുണ്ട്. കേരള ഫയർ ആൻഡ് റെസ്ക്യൂവിൽ ജോലി ചെയ്യാൻ വനിതകളെയും ഉൾപ്പെടുത്താൻ തീരുമാനിച്ചതിെൻറ സന്തോഷത്തിലാണ് ഐഷ. ഇതിനായി പരീക്ഷ എഴുതി കാത്തിരിക്കുകയാണ്. പിലാക്കടവത്ത് മൂസക്കുട്ടി-ഫാത്തിമ സുഹറ ദമ്പതികളുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.