കുറ്റിപ്പുറം: സ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള ചേരിതിരിഞ്ഞ സംഘർഷം പതിവാകുന്നു. കഴിഞ്ഞദിവസത്തെ സംഘർഷത്തിൽ സാരമായി പരിക്കേറ്റ ടെക്നികൽ സ്കൂൾ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം ടൗണിൽ മാസങ്ങളായി ഗവ. ഹൈസ്കൂളിലെയും ടെക്നികൽ സ്കൂളിലെയും വിദ്യാർഥികളാണ് ചേരിതിരിഞ്ഞ് സംഘർഷം നടക്കുന്നത്.
നേരത്തെയുണ്ടായ സംഘർഷങ്ങളിലൊന്നും ഭാഗഭാക്കാവാത്ത ടെക്നികൽ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ചെമ്പിക്കൽ കൊളത്തോൾ മദ്റസപടിയിലെ പേഴുംകാട്ടിൽ സാബിത്ത് ബസ് കയറാൻ സ്റ്റാൻഡിലേക്ക് നടന്നുവരുമ്പോൾ കുറ്റിപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 10 വിദ്യാർഥികൾ യാതൊരു പ്രകോപനവുമില്ലാതെ വളഞ്ഞിട്ട് മർദിച്ചു എന്നാണ് പരാതി.
കല്ല് ഉപയോഗിച്ച് തലക്കും ശരീരത്തിനും ഇടിച്ചതിനാൽ സാരമായി പരിക്കേറ്റ വിദ്യാർഥിയെ വിദഗ്ദ്ധ ചികിത്സക്കായി പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് ആശുപതിയിൽ പ്രവേശിപ്പിച്ചു. മർദിച്ചവരിൽ രണ്ടുപേരെ കുട്ടി തിരിച്ചറിഞ്ഞു. കണ്ടാലറിയാവുന്ന കൂടെയുള്ളവർക്കെതിരെയും പൊലീസിൽ മൊഴി നൽകി.
മാസങ്ങളായി കുറ്റിപ്പുറം നഗരത്തിലെ സ്ഥിരം കാഴ്ചയാണ് വിദ്യാർഥി സംഘർഷം. നാട്ടുകാരും ടാക്സി, ഓട്ടോ ഡ്രൈവർമാരും ചുമട്ടുതൊഴിലാളികളും കച്ചവടക്കാരും രംഗത്തിറങ്ങി പലപ്പോഴും വിദ്യാർഥികളെ വിരട്ടി ഓടിക്കാറാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.