കുറ്റിപ്പുറം: ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ യുവാവിനെ പൂട്ടിയിട്ടതായി പരാതി. സംഭവത്തിൽ നടത്തിപ്പുക്കാരനായ ചങ്ങരംകുളം സ്വദേശി റഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ 10നാണ് സംഭവം. നടത്തിപ്പുകാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് കുറ്റിപ്പുറം സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ പൂട്ടിയിട്ട് പോവുകയായിരുന്നു. കംഫർട്ട് സ്റ്റേഷനകത്ത് യുവാവ് ഉള്ള വിവരമറിയാതെയാണ് നടത്തിപ്പുകാരൻ പൂട്ടിയത്. നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ പൂട്ട് തുറന്നാണ് യുവാവ് പുറത്ത് എത്തിയത്. ഒടുവിൽ പൊലീസ് കംഫർട്ട് സ്റ്റേഷൻ അടച്ചിട്ടു.
കംഫർട്ട് സ്റ്റേഷൻ പൂട്ടിയിട്ടതോടെ യാത്രക്കാരും വലഞ്ഞു. റെയിൽവേ സ്റ്റേഷനിലെ കംഫർട്ട് സ്റ്റേഷനും നടത്താൻ ആളില്ലാത്തതിനാൽ അടഞ്ഞ് കിടക്കുകയാണ്. കാത്തിരിപ്പ് മുറിയിലെ ശുചിമുറികളാണ് യാത്രക്കാർക്ക് ഏക ആശ്രയം. സ്റ്റേഷനിലെ സമഗ്ര നവീകരണ പ്രവൃത്തികൾ പൂർത്തിയാവുന്നതോടെ കൂടുതൽ കാര്യക്ഷമമായ കംഫർട്ട് സ്റ്റേഷൻ സംവിധാനം സജ്ജമാക്കുമെന്നാണ് അറിയുന്നത്. ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന് നിലവിലെ നടത്തിപ്പുകാരന് പഞ്ചായത്ത് നിശ്ചയിച്ച കാലാവധി മാർച്ച് 31 വരെയുണ്ട്.
ബദൽ സംവിധാനം ഏർപ്പെടുത്തി പഞ്ചായത്ത് കംഫർട്ട് സ്റ്റേഷൻ തുറന്ന് പ്രവർത്തിപ്പിക്കണം എന്നാണ് യാത്രക്കാരും നാട്ടുകാരും വ്യാപാരികളും ഡ്രൈവർമാരും ആവശ്യപ്പെടുന്നത്. നിലവിൽ ഹോട്ടലുകളെയാണ് എല്ലാവരും ശുചിമുറി സൗകര്യത്തിനായി ആശ്രയിക്കുന്നത്.റെയിൽവേ സ്റ്റേഷനിലെ കംഫർട്ട് സ്റ്റേഷനും അടിയന്തിരമായി തുറന്ന് പ്രവർത്തിപ്പിക്കണം എന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.